Thursday 23 August 2012


 
മഴപെയ്തു തോര്‍ന്നൊരു രാവില്‍
ഞാന്‍ കണ്ട സ്വപ്‌നത്തിലെപ്പോഴോ
നിന്റെ മുഖത്തിനു ചുറ്റും അവ്യക്തതയുടെ
പ്രകാശ വലയമുണ്ടായിരുന്നു


എന്നിലെ നിന്നെ അറിയാത്തൊരു ഞാനും
എന്റെ വിഭ്രാന്തികളുടെ ഏറ്റക്കുറച്ചിലുകളും
രാവിന്റെ പടിയിറക്കത്തില്‍ മറവിയുടെ
ആഴങ്ങളിലേക്കു നിന്നെ വലിച്ചെറിഞ്ഞു.

ഓര്‍മ്മിച്ചെടുക്കുവാനാകാത്ത ഇന്നലകളില്‍
ഒന്നിച്ചു നനഞ്ഞ മഴയും കണ്ട കിനാവുകളും
കൈകോര്‍ത്തു പിടിച്ചു നടന്ന പാതകളും
ഏതോ ചിതയിലെരിഞ്ഞ സ്വപ്‌നങ്ങളായിരുന്നു


സ്വപ്‌നങ്ങളുടെ നിറച്ചാര്‍ത്തുകളില്‍
കുത്തിവരക്കപ്പെട്ട ചിത്രങ്ങളില്‍നിന്ന്
വര്‍ണ്ണങ്ങളെ വേര്‍തിരിച്ചെടുക്കാന്‍
എനിക്കു തോന്നുന്ന അതിമോഹം...

ആ മണ്‍കുടത്തില്‍ കൈയ്യിട്ടു പരതുമ്പോള്‍
‌കൈയ്യില്‍ തടഞ്ഞവയൊക്കയും പലനിറങ്ങളുടെ
കൂടിചേരലുകളായിരുന്നുവെന്നത് സത്യം!
വിബ്ജിയോര്‍-വഴി പിഴച്ചിരിക്കുന്നു നിനക്കും


മാനത്തെ മഴവില്ലു നോക്കി നിറങ്ങളെ
തേടിയലഞ്ഞു തുടങ്ങുമ്പോള്‍ അവസാനം
കണ്ടെത്തുന്നവയ്ക്ക് ചുവപ്പും കറുപ്പും
എന്നാണു പേരെന്നതും ഞാനറിഞ്ഞു...

കറുപ്പിലേക്കു വലിച്ചെറിഞ്ഞ സ്വപ്‌നങ്ങള്‍
ചുവന്ന രക്തപുഷ്പങ്ങളായി
എന്നെ നോക്കി പൊട്ടിച്ചിരിക്കുമ്പോള്‍
ഞാന്‍ നിദ്രയിലേക്കു വഴുതി വീണു...