Thursday 27 November 2014

ചുവന്ന സിന്ദൂരപ്പൊട്ട്







ഞാനവരെ ആദ്യമായി കാണുമ്പോഴും ആ വലിയ ചുവന്ന സിന്ദൂരപൊട്ട് അവരുടെ നെറ്റിയിലുണ്ടായിരുന്നു. അതുകൊണ്ട് മാത്രമാകാം ഞാനവരെ കണ്ടത് തന്നെ. വലിയ സൗന്ദര്യമൊന്നും അവകാശപ്പെടാനില്ലാത്ത മുഖത്ത് പക്ഷെ ആ പൊട്ട് ജ്വലിച്ചു നിന്നു. അവര്‍ ഒരുപാട് സുന്ദരിയാണെന്ന് എനിക്ക് തോന്നിച്ചു. പിന്നീട് ഓരോ തവണയും ആ വലിയ പൊട്ട് എന്റെ കണ്ണുകളിലുടക്കി. അറിവുവെച്ചുവെന്ന് എനിക്ക് തന്നെ ബോധ്യപ്പെട്ട കാലത്ത് എന്നോ ആണ് അവരെന്റെ അമ്മായിയാണെന്ന് ഞാന്‍ മനസിലാക്കുന്നത്. അതിന്റെ പേരില്‍ അവരോട് പ്രത്യേകിച്ച് ഒരു സ്‌നേഹവും തോന്നിയിരുന്നില്ലെങ്കില്‍ കൂടിയും ആ ചുവന്ന പൊട്ടിനെ ഞാന്‍ സ്‌നേഹിച്ചിരുന്നു. അവരെന്നോട് സംസാരിക്കുമ്പോഴൊക്കെയും ഞാനാ സിന്ദൂരപ്പൊട്ടിലേയ്ക്ക് ഉറ്റ് നോക്കി. ആ പൊട്ടിനൊരു പ്രത്യേക ചന്തം തന്നെയുണ്ടായിരുന്നു. ആ പൊട്ട് അവരെ പ്രൗഡയായൊരു ഹിന്ദു സ്ത്രീയെ പോലെ തോന്നിപ്പിക്കുകയും ചെയ്തിരുന്നു.

ഇവിടെ ഈ കേരളത്തില്‍ ഹിന്ദു സ്ത്രീകള്‍ മാത്രമാണ് ഇങ്ങനെ പൊട്ട് കുത്തുന്നത് ഞാന്‍ കണ്ടിട്ടിള്ളു. മതങ്ങള്‍ക്കൊന്നും ജീവിക്കുവാനുള്ള വെപ്രാളത്തില്‍ സാധാരണക്കാരുടെ ദൈന്യതയ്ക്കിടയില്‍ വലിയ സ്ഥാനമില്ലെന്ന തിരിച്ചറിവിലെത്താത്ത ആ കുട്ടിക്കാലത്ത് പല തവണ ഞാന്‍ അമ്മയോട് അമ്മായി ഹിന്ദുവാണോ... അമ്മാവന്‍ കല്ല്യാണം കഴിച്ചത് പ്രേമിച്ചാണോ.. മുതലായ ചോദ്യങ്ങള്‍ ചോദിച്ചത് ഇന്നും ഓര്‍മ്മിക്കുന്നു. അന്ന് ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ കേട്ട് ഞാന്‍ അഭിമാനിക്കുകയും ചെയ്തിരുന്നു. കേട്ടറിവുകളില്‍ പ്രണയവും അന്യജാതിക്കാരെ കല്ല്യാണം കഴിക്കുന്നതുമെല്ലാം തെറ്റാണെന്ന ഒരു ധാരണ ഞാന്‍ വെച്ചുപുലര്‍ത്തുകയുടെ ചെയ്തിരുന്നു. 

അവരുടെ നെറ്റിയിലെ പൊട്ടിന്റെ വലിപ്പത്തിന് ഒരിക്കലും ഒരു മാറ്റവും ഞാന്‍ കണ്ടില്ല. ഒരിക്കലും ആ പൊട്ടില്ലാതെയുംെ അവരെ കണ്ടിട്ടില്ല. അതെപ്പോഴുമിങ്ങനെ ആ വലിയ നെറ്റിയിലൊരു ചുവന്ന സൂര്യനെ പോലെ കാണപ്പെട്ടു. ഋതുക്കള്‍ മാറിമാറിവന്നു. ആളുകള്‍ക്കും നാടിനുമെല്ലാം മാറ്റങ്ങള്‍ ഉണ്ടായി.. പക്ഷെ ഇതൊന്നും അവരുടെ ചുവന്ന പൊട്ടിനെ മാത്രം ബാധിച്ചില്ല. ഒരു മോഡേണ്‍ ഡിസൈനര്‍ പൊട്ടുകളും ആ സിന്ദൂരപൊട്ടിന് പകരം സ്ഥാനം പിടിച്ചില്ല. അതെന്നും അങ്ങനെ ഒരു ആചാരം പോലെ അവരുടെ നെറ്റിയില്‍ തിലകമായി നിലകൊണ്ടു.

ഒരിക്കലും തനിച്ച് പോയിട്ടില്ലാത്ത നാട്ടിലേയ്ക്ക് ആള്‍കൂട്ടത്തില്‍ ഏകയായി, ബസ്സിലിരിക്കുമ്പോള്‍ നിഷ്‌കളങ്കമായ കുറേ മുഖങ്ങളായിരുന്നു മനസില്‍. ഓടി മറയുന്ന മരങ്ങളില്‍ കാലങ്ങളും തെളിഞ്ഞു കണ്ടു. ബസ്സിറങ്ങുമ്പോഴെ, ഉയര്‍ന്നു നില്‍ക്കുന്ന പള്ളിഗോപുരങ്ങള്‍ കണ്ണിലുടക്കി. കെട്ടിയുയര്‍ത്തിയ പടികള്‍ കയറുമ്പോള്‍ ഒരു കൗതുകത്തിന് എണ്ണി ഒന്നേ...,രണ്ടേ...,മുന്നേ... പത്ത്...,പതിനഞ്ച് കഴിഞ്ഞപ്പോഴേ കിതച്ചു തുടങ്ങിയിരുന്നു. പിന്നീട് അത് എണ്ണാന്‍ മറന്നു. തുറന്നു കിടന്ന പള്ളിയില്‍ തികഞ്ഞ നിശബ്ദത.. ആരെയോ കാത്തിരിക്കുന്നത് പോലെ പള്ളി... ചുറ്റുമുള്ള ചെടികള്‍.. മരങ്ങള്‍... കാത്തിരിക്കുകയാണ്..., കൂടെ ഞാനും.... പതിയെ പള്ളി മണി മുഴങ്ങി... ഒറ്റയും പെട്ടയും... ണിം... ണിംണിം.... ണിം.... ണിംണിം.... ശൂന്യമായിരുന്നു മനസെങ്കിലും ഹൃദയമിടിപ്പിന്റെ വേഗത കൂടി... പതിയെ പുറത്തിറങ്ങി... നീണ്ടു കിടക്കുന്ന പടികളില്‍ നിന്നും ചെമ്മണ്ണു പുതച്ച വഴികളിലേയ്ക്ക് കണ്ണുകള്‍ പാഞ്ഞു...

വഴിയുടെ അറ്റത്ത് ഒരാള്‍ രൂപം.. അത് രണ്ടും മൂന്നുമായി വര്‍ദ്ധിച്ചു..... വരി നീണ്ടു വന്നപ്പോള്‍ കണ്ടു.... കറുത്തപ്പെട്ടി.... എന്തുകൊണ്ടോ പിന്‍തിരിഞ്ഞു നടക്കുവാനാണ് തോന്നിയത്... പള്ളിയിലേയ്ക്ക് കയറി... കാത്തിരുന്നു വീണ്ടും... ഓരോരുത്തരായി പള്ളിയിലേയ്ക്ക്...ആള്‍കൂട്ടത്തെ വകഞ്ഞു മാറ്റി ചെന്ന് ആ പെട്ടിക്കകത്തെ നിഷ്‌കളങ്കമായ മുഖം കാണാനായി പരതുമ്പോള്‍ കണ്ണുടക്കിയത് അരികിലിരുന്ന് പൊട്ടിക്കരയുന്ന മുഖത്തേയ്ക്കാണ്... അലറികരയുന്ന മുഖം കണ്ണിലുടക്കിയപ്പോള്‍ ഇടനെഞ്ചിലൊരു കടലിരമ്പി..... ചുവന്ന സിന്ദൂരത്തിന്റെ സ്ഥാനത്ത് വര്‍ഷങ്ങളുടെ മുദ്രയായി കറുത്ത കറ....

പാരമ്പര്യത്തിന്റെയോ സംസ്‌കാരത്തിന്റെയോ ഒക്കെ ചിഹ്നമായി മാഞ്ഞു പോകപ്പെട്ട ആ സിന്ദൂരുത്തിന്റെ കറ ഇപ്പോഴും ആ മുഖത്ത് തെളിഞ്ഞു നില്‍ക്കുന്നുണ്ട്...


Saturday 15 February 2014

എഴുത്ത്



എഴുതാന്‍ മറന്ന വരികളില്‍ ഓരോന്നിലും
നീയും ഞാനുമുണ്ടെന്നത് നീ അറിഞ്ഞതേയില്ല
ഭ്രാന്തിന്റെ ആഴങ്ങളില്‍ ചങ്ങലകളെ പേടിച്ച് ഞാന്‍
കരയുമ്പോള്‍, നെഞ്ചിലൊരു നെരിപ്പോടോടെ
നീയന്ന് വലിച്ചെറിഞ്ഞത് നിന്റെ കീശയിലെ
മഷിതീരാറായ ചുവന്ന മഷിപ്പേനയായിരുന്നു.

കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ ലാഘവം !
പതറിയ മനസിന്റെ ശ്രദ്ധ പേനയിലേയ്ക്ക്...
തിരിച്ചും മറിച്ചും കണ്ണിലേയ്ക്ക്, മനസിലേയ്ക്ക്
ആവാഹിക്കുമ്പോള്‍ തിരിച്ചറിവും നഷ്ടമായിരുന്നു
ഭ്രാന്തായിരുന്നു, ഞാനൊരു ഭ്രാന്തിയായിരുന്നു

പേനകള്‍ മാറിമറിഞ്ഞുകൊണ്ടിരുന്നു,
പേനകള്‍ക്കായി വാശിപിടിച്ചു കൊണ്ടേയിരുന്നു
പക്ഷേ എപ്പോഴോ എഴുതാന്‍ മറന്നിരിക്കുന്നു.
മറവിയുടെ ആഴങ്ങളില്‍ അക്ഷരങ്ങള്‍ക്ക് ഒടിവുകളും
വളവുകളും കൂടി, കോറിയിടുന്നവയെല്ലാം
കുത്തിവരകളായി...രൂപങ്ങളില്ലാത്തവ, മനസുപോലെ.




എന്നിട്ടും അവയുടെ ആഴങ്ങളെ തേടാനിറങ്ങി
നീയെന്നെ മോഹിപ്പിച്ചു.... ഞാന്‍ കാത്തിരുന്നു
രൂപാന്തരങ്ങളില്‍ നിന്ന് നീ നിന്നെയും
പിന്നെയീ എന്നെയും കണ്ടെത്തുമെന്ന്...പക്ഷെ
കുത്തിവരകളില്‍ നീ മഷി കുടഞ്ഞൊഴിച്ചു...

വികൃതമായി തീര്‍ന്ന എഴുത്തുകളില്‍ നിന്ന്,
മഷിപ്പടര്‍പ്പുകളില്‍ രൂപങ്ങളെ കണ്ടെത്തുവാന്‍
ശ്രമിക്കുമ്പോള്‍ ഈ ഭ്രാന്തിന് ഒരു സുഖമുണ്ടായിരുന്നു
ഒന്നുമറിയാത്തവന്റെ നിഷ്‌കളങ്കതയുടെ സുഖം...
പുഞ്ചിരി... നിസ്സഹായത.... ഇത്തിരി സ്‌നേഹവും

മറന്നു, എഴുത്തിനെ...അക്ഷരങ്ങളെ...നിന്നെ
പിന്നെ എന്നെയും.... ഒക്കെയും...എല്ലാം മറന്നു.
കാലാന്തരങ്ങളില്‍ കരിവാരിത്തേച്ച മുഖങ്ങളെ
കാണുമ്പോള്‍ മാത്രം ഞാന്‍
ഭ്രാന്തിയായി മാറി.... തനി ഭാന്ത്രില്‍ ഞാന്‍
ഉറക്കെയുറക്കെ അട്ടഹസിച്ചുകൊണ്ടേയിരുന്നു..

.........................................................................................