Thursday 28 November 2013

ഞാന്‍.......



എവിടെയോ അസ്തിത്വം നഷ്ടപ്പെടുന്നു. ഞാന്‍..., ഞാനല്ലാതാകുന്നു.. ഈ മാറ്റത്തിന് ഒരു സുഖമുണ്ട്... പക്ഷെ എന്നെ ഞാനാക്കിയ എന്നെ ഓര്‍ക്കുമ്പോള്‍ നെഞ്ചിലൊരു നെരിപ്പോട്... മഴ പെയ്യുന്നതേയില്ല... (പെയ്യുന്നത് ഞാന്‍ അറിയുന്നില്ല), പുലരി കാണുന്നില്ല, പകലുകള്‍ രാത്രികളാകുന്നു... രാത്രികള്‍ പകലുകളും.... വായന മരിച്ചിരിക്കുന്നു.. തൂലിക കാണാതെ പോയി... ഇന്നലകളില്ല... നാളെകളുമില്ല.. ഇന്നില്‍ മാത്രം ജീവിക്കുന്നു.

നിരാശ... വ്യക്തമായ നിരാശ... നഷ്ടബോധം... പുച്ഛം തോന്നുന്നു. അതെ എനിക്കെന്നോട് തന്നെ പുച്ഛം തോന്നുന്ന നിമിഷങ്ങള്‍... പരമ പുച്ഛം...

വേദനകളില്ല.. ശ്വാസംമുട്ടലുകള്‍ ശീലമായിരിക്കുന്നു. ഉള്ളിലേയ്ക്ക അരിച്ചിറങ്ങുന്ന തണുപ്പ് തണുപ്പല്ലാതായിരിക്കുന്നു... കസേരകള്‍ സന്തതസഹചാരികളെപോലെ... അക്ഷരങ്ങളുടെ വടിവുകളും ഒടിവുകളും മറന്നു തുടങ്ങുന്നു. മുന്നില്‍ ആകെയുള്ളത് ഈ വൃത്തികെട്ട വെളിച്ചം മാത്രമാണ്... മുന്നിലെ ചതുരക്കട്ട പുറപ്പെടുവിക്കുന്ന വെളിച്ചം... നിറമില്ലാത്തത്... ഉറക്കങ്ങളില്‍ ദൃശ്യങ്ങള്‍ ഓടി മറയുന്നു.. വേഗതയുടെ നിമിഷങ്ങള്‍ വിളിച്ചു കൂവുന്നു... ചെവിയില്‍ മുഴങ്ങുന്നതൊക്കെയും മിനിട്ടുകളോ നിമിഷങ്ങളോ മാത്രം ബാക്കിയെന്ന ഓര്‍മ്മപ്പെടുത്തലുകള്‍.... തയ്യാറായിരിക്കാനുള്ള സന്ദേശം... മനസ് എവിടെയാണ്...

എവിടെയും പണയപ്പെടുത്തിയ എന്റെ മനസ് എന്റെ ഓര്‍മ്മകളിലില്ല... പക്ഷെ അത് എന്റെ കൈയ്യിലുമില്ല... എവിടെപോയി ആവോ... ഓര്‍മ്മകളും നഷ്ടപ്പെട്ടിരിക്കുന്നു... ഉറക്കം... ഉറക്കം മാത്രം... ഉറക്കങ്ങള്‍ക്കിടയിലെ യാന്ത്രകിമായ ഓട്ടപ്പാച്ചിലുകള്‍ മാത്രമാണ് എന്റെ ദിവസങ്ങള്‍...

ബോറടിക്കുന്നു.... ശരിക്കും ബോറടിക്കുന്നു.. ശരിക്കും മടുത്തിരിക്കുന്നു... പറയാതിരിക്കാന്‍ വയ്യ... പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം... പക്ഷെ പറയാതിരിക്കുന്നതെങ്ങനെ.....