Friday 2 November 2012

സ്വപ്‌നം മരിക്കുമ്പോള്‍...


പഴയ പുസ്തകങ്ങള്‍ പൊടിതട്ടി എടുക്കുകയായിരുന്നു.... ഇടയില്‍ ഒരു കോളേജ് മാഗസിന്‍....... 2007-08-ലെ, കോടഞ്ചേരി ഗവ.കോളേജിലെ മാഗസിന്‍....., കനല്‍ കെടാതെ.... അതില്‍ അന്ന് എഴുതിയ കവിതയാണിത്..... 4 വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ വിഭ്രാന്തി.....





ഇരുളിന്റെ വന്യതയില്‍ ഞാനെന്റെ
ആത്മാവിനോട് കലപിലകൂട്ടി
നിദ്രയെ പുല്‍കാന്‍ തുടങ്ങുമ്പോള്‍
അകലെയെവിടെയോ ഒരു
ദീനരോധനത്തിന്റെ അലയടികള്‍..
ആ വിദൂരതയില്‍ അലയുന്നതും
ഈ മനസിന്റെ കണികയെന്നറിയാം...
എന്റെ അന്തരംഗത്തില്‍ ഒരു
ചതുരംഗംകളി!!
സ്‌നേഹം കൊതിക്കുന്ന ഈ
ഉള്ളിന്റെ സ്വപ്‌നവും
വിധിയിലേക്കു വിരള്‍ചൂണ്ടുന്ന
നിലവിളികളും തമ്മില്‍
കരുക്കള്‍ നീക്കുന്നു.....
തോല്‍ക്കേണ്ടത് ജയിച്ചിരിക്കുന്നു.

ജന്മവൈരുദ്ധ്യങ്ങളുടെ
താളപ്പിഴകളില്‍ തളര്‍ന്നുവീണ്,
കാപട്യത്തിന്റെ മുഖംമൂടിയണിഞ്ഞ്
ഒരിക്കല്‍ തിരികെയെത്തിയ നിന്നിലെ
വിഭ്രാന്തികളുടെ ഏറ്റക്കുറച്ചിലുകള്‍
ഞാന്‍ തെളിഞ്ഞു കണ്ടിരുന്നു.


ഇനിയുമൊരു കാത്തിരിപ്പ്.....
സ്‌നേഹത്തിന്റെ ഉറവിടം തേടി
ഒരു യാത്ര..... വയ്യ!!!!!!
നാഴികമണികള്‍ നിലക്കാതെ
മുഴങ്ങുമ്പോള്‍ അകലെയാ കല്‍പ്പടവില്‍
ചിറകടിയൊച്ചകള്‍............. ...
നേരമടുത്തിരിക്കുന്നുവെന്നോ?

നിദ്രയിലേക്കു വഴുതിത്തുടങ്ങുമ്പോള്‍
മുന്‍പില്‍ ചിരിക്കുന്ന ഒരപൂര്‍ണ്ണ
ചിത്രത്തിന്റെ പകര്‍പ്പ്....
പക്ഷേ കാതില്‍ മുഴങ്ങുന്ന
ഈരടികളില്‍ വ്യക്തമായിരുന്നു
ഞാന്‍ കേള്‍ക്കാന്‍ കൊതിച്ചിരുന്ന മാധുര്യം.

പക്ഷേ...,
ഇവിടെ ഞാന്‍ പിന്‍തിരിയട്ടെ..
എന്റെ ആത്മാവിനെ എനിക്കുള്ളില്‍
ആവാഹിച്ചിരുത്തി, ഇന്നു ഞാന്‍
ഗാഢനിദ്രയെ പുല്‍കുമ്പോള്‍
എന്റെ സ്വപ്‌നം മരണമേറ്റുവാങ്ങിയിരുന്നു....

...........................................വിഭ്രാന്തികള്‍

Monday 8 October 2012

വേശ്യ



പേരു വായിച്ചപ്പോഴേ നെറ്റിയില്‍
തെളിഞ്ഞ നാലു വരകള്‍..
സദാചാരത്തിന്റെ മുഖംമൂടിയില്‍
വീഴുന്ന വിള്ളലാണെന്ന സത്യം
തിരിച്ചറിയാതെ മേനി നടിക്കുന്നവര്‍

നിങ്ങള്‍ക്കു നേരെ മുഖം തിരിക്കുവാന്‍
ഞാനില്ല, സദാചാര കുശലത്തിന്റെ
വിഴിപ്പലക്കുവാന്‍ ഞാനില്ല
ഞാനും ഒരു വേശ്യ, മനസ്
വിറ്റു ജീവിക്കുന്നവള്‍

ഒരു തുലാസിന്റെ രണ്ടു തട്ടില്‍
ഈ മനസും ശരീരവും തുക്കുമ്പോള്‍
വിഭ്രാന്തി പിടിപ്പെട്ട മനസുപോലെ
തുലാസ് ഉയര്‍ന്നു പൊങ്ങി, പെട്ടന്ന്
നിശ്ചലം! മനസിന്റെ തട്ട് നിലം തൊട്ട്

എന്റെ ഉമ്മറത്ത് തൂക്കിയിട്ട പരസ്യപലക.
വില്‍ക്കാനുണ്ട് മനസും ശരീരവും
ലേലം വിളിയുടെ വെടിയൊച്ചകള്‍
വിലപറഞ്ഞത് മുഴുവന്‍ ആറ് അടി
മണ്ണില്‍ അലിഞ്ഞു ചേരേണ്ടതിന്.


കാലചക്രത്തിന്റെ തിരിച്ചില്‍ പോലെ
ലേലംവിളി നീണ്ടുപോയപ്പോള്‍
ലേലവസ്തു പടിയിറങ്ങിയതു മാത്രം
ആരുമറിഞ്ഞില്ല, ഓടിയൊളിക്കട്ടെ ഞാന്‍

ഈ ഭ്രാന്തിന്റെ ലോകത്തു നിന്ന്.
ലേലമുറപ്പിച്ച് എന്റെ പടിപ്പുര വാതില്‍
കൊട്ടിത്തുറന്ന് അകത്തു വന്നവര്‍ക്കു
മുന്‍പില്‍ മിഴികളടച്ച്, പുഞ്ചിരിച്ച്
വെള്ളപ്പുതച്ച്.... സുന്ദരിയായി
ഞാനുറങ്ങി... വിജയ നിദ്ര......!

Thursday 23 August 2012


 
മഴപെയ്തു തോര്‍ന്നൊരു രാവില്‍
ഞാന്‍ കണ്ട സ്വപ്‌നത്തിലെപ്പോഴോ
നിന്റെ മുഖത്തിനു ചുറ്റും അവ്യക്തതയുടെ
പ്രകാശ വലയമുണ്ടായിരുന്നു


എന്നിലെ നിന്നെ അറിയാത്തൊരു ഞാനും
എന്റെ വിഭ്രാന്തികളുടെ ഏറ്റക്കുറച്ചിലുകളും
രാവിന്റെ പടിയിറക്കത്തില്‍ മറവിയുടെ
ആഴങ്ങളിലേക്കു നിന്നെ വലിച്ചെറിഞ്ഞു.

ഓര്‍മ്മിച്ചെടുക്കുവാനാകാത്ത ഇന്നലകളില്‍
ഒന്നിച്ചു നനഞ്ഞ മഴയും കണ്ട കിനാവുകളും
കൈകോര്‍ത്തു പിടിച്ചു നടന്ന പാതകളും
ഏതോ ചിതയിലെരിഞ്ഞ സ്വപ്‌നങ്ങളായിരുന്നു


സ്വപ്‌നങ്ങളുടെ നിറച്ചാര്‍ത്തുകളില്‍
കുത്തിവരക്കപ്പെട്ട ചിത്രങ്ങളില്‍നിന്ന്
വര്‍ണ്ണങ്ങളെ വേര്‍തിരിച്ചെടുക്കാന്‍
എനിക്കു തോന്നുന്ന അതിമോഹം...

ആ മണ്‍കുടത്തില്‍ കൈയ്യിട്ടു പരതുമ്പോള്‍
‌കൈയ്യില്‍ തടഞ്ഞവയൊക്കയും പലനിറങ്ങളുടെ
കൂടിചേരലുകളായിരുന്നുവെന്നത് സത്യം!
വിബ്ജിയോര്‍-വഴി പിഴച്ചിരിക്കുന്നു നിനക്കും


മാനത്തെ മഴവില്ലു നോക്കി നിറങ്ങളെ
തേടിയലഞ്ഞു തുടങ്ങുമ്പോള്‍ അവസാനം
കണ്ടെത്തുന്നവയ്ക്ക് ചുവപ്പും കറുപ്പും
എന്നാണു പേരെന്നതും ഞാനറിഞ്ഞു...

കറുപ്പിലേക്കു വലിച്ചെറിഞ്ഞ സ്വപ്‌നങ്ങള്‍
ചുവന്ന രക്തപുഷ്പങ്ങളായി
എന്നെ നോക്കി പൊട്ടിച്ചിരിക്കുമ്പോള്‍
ഞാന്‍ നിദ്രയിലേക്കു വഴുതി വീണു...

Saturday 28 April 2012


ചില മരങ്ങള്‍ അങ്ങനെയാണ്... ചാരത്തെത്തുന്നവനു പകര്‍ന്നു നലകുന്നത് ഒരു ജീവവായുവാണ്. അതൊരുപക്ഷെ സ്വയം അറിഞ്ഞുംഅറിയാതെയും... ഇന്നെന്റെ സായാഹ്നം അങ്ങനെയൊരു മഹാവൃക്ഷത്തിനു ചോട്ടിലായിരുന്നു. പക്ഷെ പകര്‍ന്നു തന്ന ജീവവായു സ്വയമറിയാതെയാണെന്നാണ് എനിക്കു തോന്നുന്നത്. നിറയെ ഇലകളുള്ള, ഒരിക്കലും ഇലക്കൊഴിച്ചു കണ്ടിട്ടില്ലാത്ത ഒരു വൃക്ഷം.... അതിനു നിറയെ ശിഖരങ്ങള്‍ ഉണ്ടായിരുന്നു. അവയോരോന്നും വേര്‍തിരിച്ചെടുക്കാന്‍ നടത്തിയ പാഴ്ശ്രമം.. പക്ഷെ...
ചില മരങ്ങള്‍ ഇങ്ങനെയാണ്...
പക്ഷെ പിന്നീടെപ്പോഴോ ഓര്‍ത്തു ഈ മരം എനിക്കു ചിരപരിചിതമല്ല. കണ്ടതും അറിഞ്ഞതും ഒരുപാടു ദൂരത്തു നിന്നാണ്. ഇപ്പോഴും അതേ അകലം തന്നെ ബാക്കി നില്‍ക്കുന്നു. എന്നിട്ടും തോന്നുന്ന ബന്ധം. അതു മനസിന്റെ തെറ്റിധരിപ്പിക്കലാവാം... ഇല്ലെങ്കില്‍ ആശ്വസിക്കാം.....ജന്മാന്തര ബന്ധത്തിന്റെ നൂലഴകളിലെവിടെയോ കോര്‍ത്തിണക്കപ്പെട്ട കണ്ണികളെന്ന്...
എന്തിനെന്നറിയാതെ കണ്ടുമുട്ടിയവര്‍... ഒരേ വഴിയിലൂടെ കടന്നു പോയിട്ടും അപരിചിതരായി പിരിയേണ്ടവര്‍....
എന്നിട്ടും ഉള്ളില്‍ തോന്നുന്ന സ്‌നേഹം... അതിനെ എന്തു പേരു വിളിക്കും... പതിനാറിന്റെ പൊട്ടിത്തെറിക്കലിലായിരുന്നെങ്കില്‍ പ്രണയം എന്നു വിളിക്കാമായിരുന്നു. അതല്ലായിരുന്നിട്ടു പോലും പറഞ്ഞു..എനിക്കെപ്പോഴൊക്കെയോ നിന്നോടു പ്രണയം തോന്നിരുന്നെന്ന്.... ഈ വികാരത്തെ നിമിഷപ്രണയത്തിന്റെ ഭ്രമത്തിലൊതുക്കരുതെന്ന് അറിയാമായിരുന്നിട്ടും മറ്റൊരു വാക്കു കണ്ടെത്തുവാന്‍ കഴിയാത്തതിന്റെ കുറ്റബോധം, ഇപ്പോള്‍... പക്ഷെ പറഞ്ഞിരുന്നു, തോന്നുന്നതൊരു സ്‌പെഷ്യല്‍ സ്‌നേഹമെന്ന്... അതിന്റെ ആഴത്തെ എത്രത്തോളം ഉള്‍ക്കൊണ്ടു എന്നതെനിക്കറിയില്ല.
വഴി പിരിയേണ്ടവര്‍ നമ്മള്‍... നാളെ പേരറിയാത്ത എന്റെ ലോകത്തെ പുറത്തു നിന്നു കാണാന്‍ പോലും കണ്ണെത്താത്തവനായി മാറേണ്ടവന്‍.. പക്ഷെ എന്റെ ഇന്നിനെ നീ സമ്പന്നമാക്കി... പേരറിയാത്ത മരങ്ങള്‍ക്കൊപ്പം അകന്നകന്നു പോകുമ്പോഴും എന്റെ ഓര്‍മ്മകളിലുണ്ടാകും ഇലകൊഴിക്കാത്ത മരമായി......

Saturday 21 April 2012

എന്റെ ഇന്നലെ....

തനിയെ .......
ഇരുണ്ടു കറുത്ത ആകാശം.. ചറ്റല്‍ മഴയുടെ നനുത്ത സ്പര്‍ശം... ആര്‍ത്തു പെയ്യേണ്ട ഒരൂ മഴയുടെ കൊട്ടിഘോഷം... കാത്തിരുന്നു... വലിയൊരു നെഞ്ചിടിപ്പോടെ.... പെയ്തു വീഴുന്ന മഴ ഒഴുക്കി കളയുമെന്നു കൊതിക്കുന്ന സ്വപ്‌നങ്ങളെ മറന്ന്....

പക്ഷെ പെയ്തില്ല... ഇന്നിലെ എന്നിലേക്ക് മഴ പോലും പെയ്യാതെ പോയെന്ന് ഓര്‍ത്തപ്പോള്‍..... ശപിച്ചതു സ്വയമായിരുന്നു..

മഴ വരുന്നു...ഞാനെങ്ങനെ പോകും എന്ന് ആവര്‍ത്തിച്ചു ചോദിച്ചു കൊണ്ടെ ഇരിക്കുന്ന കൂട്ടുകാരന്‍.... ബസിനു സമയമായില്ല സുഹൃത്തെ എന്നു പറയുമ്പോള്‍ ചോദ്യത്തിനെ മറന്ന് ടി.വിയിലെ മിന്നിമായുന്ന നിറങ്ങളിലേക്ക് ഉറ്റു നോക്കുന്നവന്‍. അവന്റെ കൈത്തണ്ടയിലെ രോമങ്ങളുടെ കണക്കെടുമ്പോള്‍ ചിന്തിച്ചതു മുഴുവന്‍ എന്താവും ഇവന്റെ മനസില്‍ എന്നാണ്... ഇല്ല വായിക്കാന്‍ കഴിയുന്നില്ല... പരാജയത്തിന്റെ കയ്പ്പു നീര്‍... ഒരിക്കല്‍ കൂടി.. 
അറിയില്ല എന്നു പറയാന്‍ കഴിയുന്നതിന്റെ പരിമിതിയും തിരിച്ചറിഞ്ഞു. പിന്നിടേണ്ട വഴിയുടെ ദൈര്‍ഘ്യവും പരിമിതമാണ്... ഇല്ല..ഇനിയും എനിക്കു പറയാന്‍ കഴിയില്ല.... 'പുറത്തിറങ്ങിയാല്‍ ഒരു വണ്ടിയും കിട്ടാതിരിക്കില്ല'... അവന്റെ വാക്കുകള്‍... ഇരുണ്ട ആകാശത്തിനു കീഴില്‍, പാറി വീഴുന്ന മഴനൂലിലേക്കി ഊളിയിട്ടവന്‍ ഇറങ്ങി... പറഞ്ഞ വാക്കുകളില്‍ ഏതിന്റെയോ ബാക്കിയായി തിരിഞ്ഞു നോക്കി ഒരു കള്ള ചിരി... എനിക്കു വേണ്ടി ചിമ്മി തുറന്ന മിഴികളിലെ കൂസൃതി... അപ്പോള്‍ പിന്നില്‍ നിന്നും കേട്ട ബസിന്റെ ഹോണ്‍....... കറക്ട് ടൈം....

മഴയത്തേക്കിറങ്ങി.... ബസിലേക്കുള്ള അവന്റെ കാല്‍വെപ്പുകളെ പിന്‍തുടരാതിരിക്കാന്‍ കഴിഞ്ഞില്ല... വളവു തിരിഞ്ഞു പോയ വെണ്‍മയുടെ നിറം... എന്നിട്ടും കാതോര്‍ത്തു.... ശബ്ദവും അകന്നുപോയിരിക്കുന്നു... തിരിച്ചു കയറി... എന്റെ ലോകത്തേക്ക്... കട്ടിലിലേക്കു ചാഞ്ഞു... മിഴികള്‍ ഇറുക്കിയടച്ചു.... ഇല്ല.. എനിക്കു പിന്നില്‍ ഒന്നും നിശബ്ദമായിരുന്നില്ല... പെട്ടന്നുണ്ടായ കാതടിപ്പിക്കുന്ന ഇടിമുഴക്കം. ഞെട്ടി... ശരിക്കും ഞെട്ടി ഞാന്‍. പേടിച്ചു പോയോ എന്ന് ആരോടോ ചോദിക്കുന്ന പപ്പയുടെ ശബ്ദം. അടഞ്ഞു കിടക്കുന്ന വാതിലിനുള്ളിള്‍ മകള്‍ പേടിച്ചു വിറങ്ങലിക്കുമെന്നു പപ്പ കരുതിയിട്ടേ ഉണ്ടാകില്ല.

സത്യത്തില്‍ എന്തിനാണു ഞെട്ടിയത്.!!! ഇടിമുഴക്കം കേട്ടിട്ടു തന്നെയോ? വെറുതേ ഓര്‍ത്തു... 

മൊബൈലില്‍ മെസേജ് ടോണ്‍... ഹോം.... വീടണഞ്ഞിരിക്കുന്നു എന്നാണ്... സന്തോഷം... ലക്ഷ്യത്തിലെത്തിയിരിക്കുന്നു.. ഇനി ഞാന്‍...? അതെന്നും ബാക്കിയാകുന്ന ചോദ്യം മാത്രമാണ്...

വീണ്ടും പുതച്ചു മൂടി... വിയര്‍ത്തു കുളിക്കുന്നു.. അതിലും ഒരു സുഖം കണ്ടെത്തി. മഴക്കു കാതോര്‍ത്തു.. ഇല്ല പെയ്യുന്നില്ല... കാതോര്‍ത്തു കിടന്നു... സമയം ഇഴഞ്ഞു നീങ്ങുന്നു. മഴ പെയ്തില്ല... ഞാന്‍ കാത്തിരുന്നിട്ടും മഴ പെയ്യാതെ പോയിരിക്കുന്നുവെന്നോ. ദേഷ്യം വന്നു... ആരെയൊക്കെയോ കൊന്നു തിന്നാനുള്ള ദേഷ്യം... ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു വേനല്‍ മഴയാണു നഷ്ടമായിരിക്കുന്നതെന്നു തോന്നി... ഒരു തിരിച്ചറിവ്.. നഷ്ടപ്പെടലിന്റെ വേദന...നഷ്ടമായിരിക്കുന്നതിന്റെ ആഴം തിരിച്ചറിഞ്ഞിട്ടില്ല ഇനിയും... എന്നിട്ടും...

കൂരിരുട്ടിന്റെ രാത്രി... അമാവാസിയുടെ തലേന്നാള്‍ ആണത്രേ... പക്ഷെ ഈ ഇരുട്ടിന്റെ കാഠിന്യം... ഇതിത്തിരി കൂടി പോയി.. ഇരുട്ടിലേക്കു മിഴി നട്ട് അവനോടു ചോദിച്ചു.. 'നീ വരോ.. എനിക്കൊപ്പം ഒരു മഴ നനയാന്‍, എന്നാ നമ്മള്‍ ഒരുമിച്ചു മഴ നനയാ' 

'മഴ ഇല്ലല്ലോ'' എന്ന് മറുപടി..

'ഒരു വേനല്‍ മഴ... അല്ലെങ്കില്‍ ഇടവപ്പാതിയിലെ തകര്‍ത്തു പെയ്യുന്ന ഒരു മഴ... തന്നോടു ചോദിക്കുന്ന അവസാനത്തെ ആഗ്രഹം...'

'വേറെ ഒന്നും ഇല്ലെ'

'ഇല്ല.. വേറൊരു ആഗ്രഹവും ഇനി ചോദിക്കാനില്ല...എനിക്കു വേണ്ടി....'

'അതെന്തു പറ്റി..?'

'ഒന്നൂല്ലടാ.. എന്തൊ അങ്ങനെ തോന്നുന്നു ഇപ്പോള്‍...'

'ആയിക്കോട്ടെ' എന്ന മറുപടി... ഇതായിരുന്നോ പ്രതീക്ഷിച്ച മറുപടി... ഇല്ല.. ഒന്നും പ്രതീക്ഷിച്ചില്ല,... മഴ നനയാന്‍ വരാമെന്നു പറഞ്ഞതുമില്ല അവന്‍...

സംസാരം അവിടെ അവസാനിപ്പിച്ചു... ഇടയിലൊരു നടപ്പാതയുടെ ദൂരം പോലുമില്ലായെന്നു പരസപരം പറഞ്ഞിരുന്നവര്‍. ഋതുക്കളുടെ മാറ്റം വളരെ വേഗമാണത്രേ.....


Wednesday 4 April 2012

നന്ദിത, നിനക്കുവേണ്ടി.....

എന്റെ പ്രിയപ്പെട്ട എഴുത്തുകാരി...നന്ദിത... തനിച്ചാകുന്ന നിഷിങ്ങളിലെപ്പോഴൊക്കെയോ ഞാന്‍ അറിയാതെ മനസില്‍ തെളിയുന്ന ഒരു മുഖം.. എനിക്കു തോന്നുന്ന സ്‌നേഹം... ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത എന്റെ പ്രിയപ്പെട്ട നന്ദിതതക്കു വേണ്ടി, കവിയത്രിക്കു വേണ്ടി ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ്് ഞാന്‍ കുറിച്ചിട്ട വരികള്‍...

നന്ദിത, മരണത്തെ പ്രണയിച്ചവള്‍
മരണത്തെ സ്വയംവരം ചെയ്തവള്‍
ഞാനറിയുന്നു നിന്നെ,
നിന്റെ മനസിനെ,
നിനക്കുള്ളിലൂടെ കടന്നു പോയ
ചിന്താധാരകളെ....
പക്ഷെ, നിനക്കറിയില്ല എന്നെ,
ഈ മനസിനെ, ഇതിന്റെ ഭ്രാന്തിനെ!


ഒരു നിമിഷത്തിന്റെ താളം തെറ്റല്‍,
ദിവസങ്ങളുടെ കൂട്ടികിഴിക്കലുകള്‍,
പറയാതൊരു യാത്രയുടെ സുഖം,
ഒരു തോന്നലിന്റെ കുസൃതി
ക്രൂരമെന്നു തോന്നാവുന്ന പറ്റിക്കല്‍
ഒളിച്ചോട്ടത്തിന്റെ സുഖം
അറിയുന്നു നന്ദിതാ ഞാന്‍
നിന്റെ മനസിന്റെ നിഷ്‌കളങ്കത..


മുന്നിലെ ചതുരംഗ കളത്തിനു-
പിന്നില്‍ ഞാന്‍ തനിച്ചാണ്.
എനിക്കു മുന്നില്‍ കരുക്കള്‍ നീക്കാന്‍
ഞാന്‍ തേടി അലഞ്ഞതൊരു-
സത്യത്തെയായിരുന്നു.
ഇന്നതു ഞാന്‍ കണ്ടെത്തിയിരിക്കുന്നു.
നീ വരൂ, എനിക്കു മുന്നിലെ ഈ-
പീഠത്തിലിരിക്കൂ, നമ്മുക്കു കരുക്കള്‍നീക്കാം.


എനിക്കു വേണ്ടത് കറുത്ത
കരുക്കളാണ്, നിനക്ക് വെണ്‍മയുടെ-
പരിശുദ്ധിയുടെ നിറമിരിക്കട്ടെ
അന്ധകാരത്തിന്റെ പിന്നില്‍
ഒളിഞ്ഞിരുന്നു ഞാന്‍ കളിക്കാം
അതെന്റെ ഭ്രാന്തിന്റെ ശിക്ഷ
നിന്റെ വിശുദ്ധിയുടെ നന്മ.


ഇവിടെ മനസിന്റെ കണക്കു-
കൂട്ടലുകള്‍..., കിഴിക്കലുകള്‍
പക്ഷെ ഈ കളിയിലെനിക്കു തോല്‍ക്കണം
നീ എന്നോടു ജയിക്കൂ.....
സ്വയമേ തോറ്റവള്‍
എനിക്കു മുന്നില്‍ ജയിക്കണം.
നീ തോല്‍പ്പിക്കട്ടെ ഈയൊരു
ജന്മത്തെ കൂടി..

Friday 23 March 2012

സ്വപ്‌നങ്ങള്‍......

കാലുകുത്താന്‍ ഇടമില്ലാത്ത ഒരു ബസിലെ സൈഡ് സീറ്റില്‍ ചുറ്റുമുള്ള ഒച്ചപ്പാടുകള്‍ക്കു നേരെ കണ്ണടച്ചിരിക്കുമ്പോള്‍ മനസില്‍ തോന്നിയത്..........ഈ യാത്ര അവസാനിക്കാതിരുന്നെങ്കില്‍ എന്നാണ്....
എനിക്കു ചുറ്റു ഒരുപാട് ആളുകളുടെ സുരക്ഷിത വലയം... എന്നാല്‍ എന്നെയറിയുന്നവരായി ആരുമില്ലെന്ന ആശ്വസം.... ആളുകൂട്ടത്തിനു നടുവിലെ ഈ ഏകാന്തതയുടെ സുഖത്തിന്........മറ്റൊന്നും പകരം വെക്കാന്‍ കഴിയില്ലെന്ന ബോധ്യം...
മനസില്‍ ഒരുപാടു സ്വപ്‌നങ്ങള്‍ക്കു ചിറകു മുളക്കുകായായിരുന്നു അപ്പോള്‍..... ഒരിക്കലും വരാത്ത ഒരു വസന്തം എന്നെ തേടിയെത്തുമെന്ന മോഹം....
കാത്തിരിക്കാന്‍ തയ്യാറായ വര്‍ഷങ്ങളുടെ കണക്കുകള്‍ ഒരിക്കലും അവസാനിക്കാതിരുന്നെങ്കില്‍ എന്ന സ്വപ്നം......
എനിക്കു ചുറ്റുമുള്ള ലോകമെത്ര മാറിയാലും ഞാനിവിടെ..... ഇങ്ങനെ തന്നെ....എന്ന വിശ്വസം.....
ലോകത്തെ മുഴുവന്‍ സ്‌നേഹിക്കണമെന്നു വിശ്വസിക്കുമ്പോഴും...... ആരെയെും സ്‌നേഹിക്കാതെ
എഴുതാതെ  പോകുന്ന വരികളിലോരോന്നിലും മരണത്തിന്റെ നിഴലുകാളാണെന്ന വിശ്വസം.... അതുകൊണ്ടാണവ ജനിക്കാതെ പോയതെന്ന ആശ്വസിക്കല്‍...
ഒരക്കലും പൂക്കാതെ എനിക്കായി മാത്രം എവിടെയോ കാത്തു നില്‍ക്കുന്ന ഒരു വാകമരം... എന്റെ കൈവിരളുകള്‍ സിരകളിലേക്കു പടര്‍ന്നു കയറിയാല്‍....അടുത്ത പ്രഭാതത്തില്‍ ചുവന്ന പൂക്കളാല്‍ അവന്‍ ഇലമറച്ചിരിക്കും.....
ഒരിക്കലെന്റെ മുറ്റത്ത് എനിക്കായി മാത്രം ഒരു മഴ തകര്‍ത്തു പെയ്യണം... കോരിച്ചൊരിയുന്ന മഴ.... ഇടിവെട്ടി......സംഹാരരുദ്രയായി പെയ്യണം... ആ മഴയിലെനിക്കലിഞ്ഞു ചേരണം....
ദൂരെ.... ആരുമെത്താത്ത താഴ്‌വര.... അവിടെ ഞാന്‍ മാത്രമുള്ളൊരു ലോകം.... ഒരു മിഴികളും എത്താത്ത ലോകത്തിലേക്കു എന്റെ ലോകത്തെ ചുരുക്കാനുള്ള വെമ്പല്‍....
ഒളിച്ചോടുകയാണ് ഇവിടെ നിന്നും..... യാത്രപോകണം.... ഒരുപാടു ദൂരത്തേക്ക്.... എന്നിലെ എന്നെ തേടിയൊരു യാത്ര....
വഴിയില്‍ അപരിചിതര്‍ക്കിടയില്‍ പരിചയം തോന്നുന്ന ഒരു മുഖം കണ്ടാല്‍... അതു നിന്റേതാകണം.... നിന്റേതു മാത്രം.... എന്നെ തിരിച്ചറിയാതെ.... നീ നടന്നകലുമ്പോള്‍...ആ കാല്‍പ്പാടുകളില്‍ പാദങ്ങല്‍ പദിപ്പിച്ചു പിന്‍തിരിഞ്ഞു നടക്കുന്ന ഞാന്‍... ഇനിയൊരു വഴികളിലും കണ്ടുമുട്ടാതെ.... ഒരിക്കല്‍ കൂടിയൊരു വഴിപിരിയല്‍......

Tuesday 7 February 2012



മനസില്‍ എവിടെയോ  മിഴിനീരിന്റെ നനവ് പടരുമ്പോള്‍ എന്നിലെ ഞാന്‍ ഇല്ലാതാവുകയാണ്...... ഞാനറിയാത്ത എന്നിലെവിടെയോ അലഞ്ഞുതിരിയുന്ന ഒരാത്മാവുണ്ട്...   ആരയോ തേടുന്ന,,, വഴിയറിയാതലയുന്ന,,, ഞാന്‍പോലുമറിയാത്ത ഒരാത്മാവ്....
ഇന്നലെ പെയ്ത മഴയില്‍ ഞാനറിഞ്ഞ കുളിരില്‍ എല്ലാമുണ്ടായിരുന്നു.... വേദനയുടെ പുതപ്പില്‍ ചുരുണ്ടുകൂടുമ്പോള്‍ ഉള്ളിലെ പെരുമ്പറയുടെ മുഴക്കമായിരുന്നു താരാട്ട്... ഇറുക്കിയണച്ച മിഴികള്‍ക്കു പിന്നില്‍ ഇല്ലാതായത് ഒരു വലിയ ലോകമായിരുന്നു.... ഞാനെന്റേതെന്ന് മാത്രം കരുതിയ ഒരു വലിയ ലോകം...
കേട്ട മൊഴികളില്‍ ഒളിച്ചിരുന്ന കൂരമ്പുകള്‍ എനിക്കുള്ളിലേക്ക് തറഞ്ഞു കയറുന്നത് ഞാന്‍പോലുമറിഞ്ഞില്ല... വേദനിക്കുന്നുവെന്ന് എനിക്കുപോലും മനസിലായില്ല..... എന്തുപറ്റി എനിക്കെന്നു ചിന്തിക്കുമ്പോള്‍, വേദനയുടെ ഉറവിടത്തെപ്പറ്റി ചിന്തിക്കുവാന്‍, മനസിലാക്കുവാന്‍ തയ്യാറാകാത്ത മനസില്‍ എന്തായിരുന്നു.... വേദനിക്കുന്നില്ലയെന്ന് സ്വയം ബോധിപ്പിക്കുവാനുള്ള ശ്രമത്തില്‍ ഇല്ലാതായി തീര്‍ന്നത് കാത്തിരുന്ന വര്‍ഷങ്ങളുടെ നൊമ്പരങ്ങളാണെന്ന് പോലും ഓര്‍ക്കാതെ ഞാന്‍ നേടാന്‍ ശ്രമിച്ചതെന്താണ്..... ഉത്തരങ്ങള്‍ തേടി അലയാന്‍ തുടങ്ങിയ നാളുകള്‍ മാത്രം അവസാനിക്കാതിങ്ങനെ കൂടെ...
എവിടെയോ കണ്ടെത്താനാവുമെന്ന് കരുതിയ വസന്തം ഇനിയൊരിക്കലും വരില്ലന്നറിയുന്നു... ഇനിയൊരിക്കലും പൂക്കാത്ത വാകമരചില്ലയില്‍ സ്വപ്നങ്ങളൊരിക്കലും കൂടുകൂട്ടില്ല... ഇലപൊഴിക്കുന്ന മഞ്ഞുകാലത്തിലൂടെന്നപോലെ നടന്നുനീങ്ങേണ്ടിയിരിക്കുന്നു.... ഇനിയീ വഴികള്‍ ഒരിക്കലും കാണില്ല... യാത്ര ചോദിക്കുവാന്‍ പോലും ഇവിടാരും അവശേഷിക്കുന്നില്ല എന്നതിന്റെ വേദന.... എങ്കിലും യാത്ര പറയുകയാണ്..., കൂടെയുണ്ടായിരുന്ന കാലത്തോട്...വെറുതെയെങ്കിലും നിന്നോടും..... പോകാണേ ഞാനെന്ന്, ഒരു നാടന്‍ പെണ്‍കുട്ടിയുടെ മൊഴികള്‍പോലെ...
വഴിയേറയും വിജനമായിരുന്നു.... മഴക്കാറുനിറഞ്ഞ ആകാശം ബാക്കിവച്ച ഇരുളും തണുപ്പും പിന്നെ ക്രൂരമായ ഒരു നിശബ്ദതയും എനിക്കൊപ്പം നടന്നു നീങ്ങി... കാലടികളില്‍ ഞെരിഞ്ഞമരുന്ന ഇലകളുടെ നൊമ്പരം പോലും അപ്പോള്‍ ഞാനറിഞ്ഞു.... എവിടെനിന്നോ ഒരു പിന്‍വിളി കേള്‍ക്കുന്നുവെന്ന് സ്വപ്നം കാണുമ്പോളും ഒരിക്കലും അതുണ്ടാവില്ലെന്ന് എനിക്കറിയാമായിരുന്നു... എന്നിട്ടും തിരിഞ്ഞു നോക്കുവാന്‍ തോന്നുന്ന മനസിന്റെ സ്‌നേഹത്തിന്റെ ആഴം എന്നെ അത്ഭുതപ്പെടുത്തുന്നു....
 വര്‍ഷങ്ങളുടെ നീണ്ടസ്വപ്നങ്ങള്‍ പിന്നില്‍ ഉപേക്ഷിച്ചുള്ള ഈ യാത്ര... കൈയ്യില്‍ കരുതുവാന്‍ ഇനിയൊന്നും ബാക്കിയില്ലാത്തതിന്റെ ദാരിദ്ര്യം.... ആകെ അവശേഷിക്കുന്ന ഓര്‍മ്മകളുടെ വിഴുപ്പുഭാണ്ഡം ചുമക്കുവാന്‍ കഴിയാത്ത ബലഹീനത..... ഇവിടെ ഞാന്‍ ഞാനല്ലാതായിതീര്‍ന്നിരിക്കുകയാണ്... എന്നിലെ എന്നെ നഷ്ട്‌പ്പെടുത്തിയ ലോകത്തിന്റെ വികൃതികള്‍...
ഇനി കാരണങ്ങളില്ല..., യാത്രകളില്ല..., വഴിയും അവസാനിച്ചിരിക്കുന്നു... മഴപെയ്തു തുടങ്ങിയിരിക്കുന്നു... ഞാന്‍ പോകുകയാണ്.... മഴ നനഞ്ഞ്...., മനസിനെ മഴയില്‍ ഒഴുക്കിവിട്ട്..., എന്നെ തന്നെ മറന്നൊരു യാത്ര..... പിന്‍ വിളികള്‍ക്ക് കാതോര്‍ക്കാതെ....
മഴ പെയ്തു കൊണ്ടെയിരിക്കുന്നു............ കോരിച്ചൊരിയുന്ന മഴ പറയുന്നത് എന്താണെന്നും ഞാനറിഞ്ഞില്ല.
(ഏതോ വിഭ്രാന്തിയില്‍ മനസില്‍ തോന്നിയ നഷ്ടപ്രണയത്തിന്റെ ഓര്‍മ്മക്ക്...)



Monday 6 February 2012

ഇന്നൊരു ചൊവ്വാഴ്ച്ച... തുടക്കങ്ങള്‍ക്കു പറ്റിയ ദിനമല്ലെന്നറിയാമെങ്കിലും എന്തൊ എന്റെ ഭ്രാന്തുകള്‍ പറയല്‍ നാളത്തെക്കു മാറ്റി വയ്ക്കുവാന്‍ തോന്നുന്നില്ല. നമ്മുക്കെന്നും നല്ല ദിവസം തന്നെ.... നല്ല വെയില്‍... പുറത്തേക്കു നോക്കുവാന്‍ വയ്യ... മുറ്റത്തെ തെങ്ങിന്റെ നിഴലില്‍ ഞാനെന്നെ ഒളിപ്പിച്ചു... കടന്നു വരുന്ന കാറ്റില്‍ സുഗന്ധം തേടുമ്പോള്‍ മൂക്കിലടിച്ചു കയറുന്നത് പൊടിമണ്ണിന്റെ ഗന്ധമാണ്... മുന്നിലൂടെ ചീറിപ്പായുന്ന വാഹനങ്ങള്‍... കാതടിപ്പിക്കുന്ന ശബ്ദത്തെ കേള്‍ക്കാതിരിക്കാന്‍ വിരളുകള്‍ ചെവിയിലേക്കു കുത്തിക്കയറ്റി... ഇല്ല മുന്നിലെ കാഴ്ച്ചകളുടെ ഭീകരത ചെവിയിലും അലയടിക്കുന്നുണ്ട്... കണ്ണുകള്‍ ഇറുക്കിയടച്ചു... ഹാവൂൂൂൂൂൂൂ.............നിശബ്ദത.... നിഗൂഢമായ നിശബ്ദത... ഇതാണെന്റെ ലോകം.. ഇതാണെന്റെ സ്വപ്‌നം... ചുവന്ന ലോകം.. അടഞ്ഞ മിഴികള്‍ക്കു മുന്നിലെ വെയിലിന്റെ ചുവപ്പ്... എനിക്കു ചുറ്റുമുള്ള നിശബ്ദത... ഇവിടെ ഞാന്‍ ഞാനായി തീരുകയാണ്... അല്ലാത്തപ്പോഴൊക്ക ഞാന്‍ മറ്റാരൊ ആണ്....എനിക്കുള്ളിലെ ഒരുപാടു മുഖങ്ങള്‍.....

വിഭ്രാന്തികള്‍

വിഭ്രാന്തികളാണ്.....എല്ലാം...
ഓരോ വാക്കും...നോക്കും...എല്ലാം...