Wednesday 24 April 2013

പെയ്തു തോരാത്തൊരു മഴ


ഉള്ളിലെവിടെയൊക്കെയോ
പെയ്തു തോരാത്ത ഒരു മഴയുടെ
അവശേഷിപ്പുകള്‍!!
കടിഞ്ഞാണ്‍ നഷ്ടപ്പെട്ട
മനസിന്റെ നേര്‍ത്ത വിലാപങ്ങള്‍!
ഓര്‍മ്മയുടെ ഓളങ്ങളെവിടെയോ
ചെന്നലയടിച്ച് അലിഞ്ഞില്ലാതാവുന്നു
ഒരു മരണത്തിന്റെ നേര്‍ത്ത
ശബ്ദം കാതുകളില്‍ മുഴങ്ങുന്നു.

ലക്ഷ്യങ്ങള്‍ തേടി യാത്രചെയ്യുന്ന
പഥികന്റെ ജീവിതയാത്ര
തടസ്സപ്പെടുത്തുവാന്‍ മരണത്തിന്റെ
വിളിയുമായി കാലദേവന്റെ വരവ്.

പാതി വഴിവക്കിലെവിടെയോ
ജീവിതയാത്ര നിര്‍ത്തി നീ
കാലദേവന്റെയൊപ്പം പോയി-
മറഞ്ഞപ്പോള്‍, വലിയൊരു മഴ
തകര്‍ത്തു പെയ്തിരുന്നു.
നീ നെയ്തു തന്ന സ്വപ്‌നങ്ങളും
ആ മഴയില്‍ കുതിര്‍ന്നു പോയി.

എന്റെ ഹൃദയത്തിനുള്ളില്‍
ആത്മാവിന്റെ അംശത്തിനായി
ഞാനൊരുക്കിയ ആ കിളിക്കൂട്!
ഞാനറിയാതെ തന്നെ നീ
ആ കിളിക്കൂട്ടിലേയ്ക്ക്
എങ്ങനെയോ കടന്നു വന്നു.
ജീവന്റെ ഭാഗമായി, ്ആത്മാവിന്റെ-
അംശമായി, എന്റേതു മാത്രമായി
ഞാന്‍ നിന്നെ സ്‌നേഹിച്ചു.

ആത്മനൊമ്പരത്തിന്റെ അഗാതതയി-
ലെവിടെയോ ചെന്നു പെട്ട നിന്റെ
വേദനകളൊരു മഴയിലൂടെ
അലിഞ്ഞില്ലാതാവുന്നത്് പാതിമറന്ന
നിന്റെ മുഖത്ത് പണ്ടു ഞാന്‍ കണ്ടിരുന്നു.
പക്ഷെ അതുപോലൊരു മഴയുടെ
കനത്ത യാമങ്ങളില്‍ തന്നെ നീ,
വേര്‍പാടിന്റെ ഏകാന്തത എനിക്കു-
സമ്മാനിച്ച്, ഒരുയാത്രമൊഴിപോലും
ചോദിക്കാതെയാ സ്‌നേഹക്കൂട്ടില്‍ നിന്ന്
ചിറകടിച്ച് പറന്നുയര്‍ന്നു.

നിന്റെ ചിതയിലെ ചൂട്
അന്തരീക്ഷത്തെ വിയര്‍പ്പിച്ചപ്പോള്‍
ഒരിളം തെന്നല്‍ പോലൊരു
വേനല്‍ മഴ കടന്നു വന്നു.
അതു പെയ്തു വീണതെന്റെയുള്ളിലെ
കിളിക്കൂട്ടിലേയ്ക്കായിരുന്നു.


ഇന്ന്, എന്റെ ഹൃദയത്തിന്റെ താളം
ആരുമില്ലാത്തയീ കിളിക്കൂടിന്റെ-
കാന്തതയില്‍ എവടെയോ തട്ടി
അലയടിച്ചില്ലാതാവുന്നു...!
നീ ഒഴിച്ചിട്ടുപോയ ഈ കൂട്
ആരുമില്ലാതേകമായിരിക്കുന്നു...

നീ വരുമെന്നു കരുതിയാ
മണ്‍പാതയുടെ അറ്റത്തു
കണ്ണും നട്ടു കാത്തിരുന്നപ്പോഴും
കടന്നു വന്നതൊരു പുതുമഴയായിരുന്നു.

നിനക്കു ഞാന്‍ പിണ്ഢം വച്ചു,
ബലിച്ചോറുരുട്ടി,
കൈകൊട്ടി നിന്നെ വിളിച്ചു.
അപ്പോഴും എവിടെ നിന്നെന്നറിയാതെ
ഒരു വലിയമഴ ആര്‍ത്തു കടന്നു വന്നു.
ഒലിച്ചു പോകുന്ന ബലിച്ചോറു നോക്കി
ഹൃദയം തകര്‍ന്നു നിന്ന എന്നിലേയ്ക്ക്
ബലിക്കാക്കയുടെ വിലാപം
അലയടിച്ചു കടന്നു വന്നു.
പിന്നെയത് മറ്റൊരാത്മാവിനെ തേടി
യാത്രയായിരിക്കാം.

ഇന്ന് ഒരിക്കല്‍ കൂടി ആ മഴ
തിരിച്ചെത്തിയിരിക്കുകയാണ്.
എന്തൊക്കെയോ നേടാനുള്ള ഒരു
വലിയ വെമ്പലുമായി.
ചെയ്തു തീര്‍ക്കുവാനൊരുപാടുണ്ട്
എന്ന നേര്‍ത്ത മന്ത്രണം
ആ മഴത്തുള്ളികളില്‍ നിന്നും
എനിക്കു കേള്‍ക്കാന്‍ കഴിയുന്നു.

എത്ര മഴ കടന്നു പോയാലും
നീയും നിന്റെ ഓര്‍മ്മകളും
ഒരിക്കലുമൊരു മഴയിലും
ഒലിച്ചു പോവില്ലെന്നൊരു മന്ത്രണം
ഉള്ളില്‍ ആരാലോ മുഴങ്ങുന്നു,
എന്റെ വാക്കുകളെനിക്കു തന്നെ
അവ്യയ്തമാകുന്നുവെന്നോ?

ഇന്നലത്തെ ആ മഴയുടെ
ഭീകരത ഉള്ളില്‍നിറഞ്ഞു നില്‍ക്കുമ്പോള്‍
ഭയത്തിന്റെ വലിയ കണികകള്‍
മനസിലൊരു പെരുമഴയായ് മാറുന്നു.


നീ തകര്‍ത്തു പെയ്‌തോളൂ,
പക്ഷെ നഷ്ടസ്വപ്‌നങ്ങളെനിക്ക്
സമ്മാനിച്ച് ഒന്നുമറിയാത്തപോലെ
കടന്നു പോകരുതെന്ന്
മനസാക്ഷി മന്ത്രിക്കുന്നു,
എന്റെ വേദന മനസിലാക്കി എന്നപോലെ
ആ മഴ തോരാനൊരുങ്ങുന്നതായി
എനിക്കു തോന്നി

കാലത്തിന്റെ ജീര്‍ണ്ണിച്ച
അവശേഷിപ്പുകള്‍ ബാക്കി തന്ന്...
ഈ മഴയും..........
പോകാനൊരുങ്ങുന്നുവെന്നോ....