Monday 8 October 2012

വേശ്യ



പേരു വായിച്ചപ്പോഴേ നെറ്റിയില്‍
തെളിഞ്ഞ നാലു വരകള്‍..
സദാചാരത്തിന്റെ മുഖംമൂടിയില്‍
വീഴുന്ന വിള്ളലാണെന്ന സത്യം
തിരിച്ചറിയാതെ മേനി നടിക്കുന്നവര്‍

നിങ്ങള്‍ക്കു നേരെ മുഖം തിരിക്കുവാന്‍
ഞാനില്ല, സദാചാര കുശലത്തിന്റെ
വിഴിപ്പലക്കുവാന്‍ ഞാനില്ല
ഞാനും ഒരു വേശ്യ, മനസ്
വിറ്റു ജീവിക്കുന്നവള്‍

ഒരു തുലാസിന്റെ രണ്ടു തട്ടില്‍
ഈ മനസും ശരീരവും തുക്കുമ്പോള്‍
വിഭ്രാന്തി പിടിപ്പെട്ട മനസുപോലെ
തുലാസ് ഉയര്‍ന്നു പൊങ്ങി, പെട്ടന്ന്
നിശ്ചലം! മനസിന്റെ തട്ട് നിലം തൊട്ട്

എന്റെ ഉമ്മറത്ത് തൂക്കിയിട്ട പരസ്യപലക.
വില്‍ക്കാനുണ്ട് മനസും ശരീരവും
ലേലം വിളിയുടെ വെടിയൊച്ചകള്‍
വിലപറഞ്ഞത് മുഴുവന്‍ ആറ് അടി
മണ്ണില്‍ അലിഞ്ഞു ചേരേണ്ടതിന്.


കാലചക്രത്തിന്റെ തിരിച്ചില്‍ പോലെ
ലേലംവിളി നീണ്ടുപോയപ്പോള്‍
ലേലവസ്തു പടിയിറങ്ങിയതു മാത്രം
ആരുമറിഞ്ഞില്ല, ഓടിയൊളിക്കട്ടെ ഞാന്‍

ഈ ഭ്രാന്തിന്റെ ലോകത്തു നിന്ന്.
ലേലമുറപ്പിച്ച് എന്റെ പടിപ്പുര വാതില്‍
കൊട്ടിത്തുറന്ന് അകത്തു വന്നവര്‍ക്കു
മുന്‍പില്‍ മിഴികളടച്ച്, പുഞ്ചിരിച്ച്
വെള്ളപ്പുതച്ച്.... സുന്ദരിയായി
ഞാനുറങ്ങി... വിജയ നിദ്ര......!