Thursday 9 May 2013

പാഥേയം



കയറ്റിറക്കത്തിന്റെ പടികള്‍
എണ്ണിത്തിട്ടപ്പെടുത്തുവാനാകാതെ
കടന്നു വന്ന കാലം
ഇന്നീ അവസാന പടിയിറക്കത്തില്‍
ഓരോ ചുവടും മനസില്‍ തെളിയുംപോലെ
അഴുകാത്ത ഭാണ്ഢത്തില്‍
കുടിനീരും പൊതിച്ചോറും
മാത്രം നിറച്ചൊരു
യാത്രയുടെ തുടക്കം

എവിടെ നിന്നെന്നുമറിയില്ല
എന്നിട്ടും തുടക്കമിതെന്ന തോന്നല്‍.
ഇടതു കൈയില്‍ എന്റെ തന്നെയൊരു
ഭാഗമായി തീര്‍ന്ന ഈ ഘടികാരത്തിന്റെ
ഓട്ടം നിലയ്ക്കും മുന്‍പെ
നിന്നെ കണ്ടെത്തുവാനാകുമെന്ന പ്രതീക്ഷ,
എന്റെ അവസാന സ്വപ്‌നം.
ഒരു പക്ഷെ ആദ്യ സ്വപ്‌നത്തിന്റെ
അവസാന വരികളും.

നേട്ടങ്ങളുടെ ഒരു വലിയ ലോകം
പിന്നില്‍ നിന്നു വിളിക്കുന്നുവെന്ന്
ആരൊക്കെയോ പ്രലോഭിപ്പിച്ചിട്ടും
എന്റെ പാദങ്ങള്‍ക്ക് കരുത്തു
പകരുന്ന എന്നിലെ പ്രണയം

ലക്ഷ്യത്തിലേയ്ക്കുള്ള യാത്രിയിലെ
എന്റെ ആദ്യത്തെ സൂചിക തന്നെ
മിഴികളെ ഈറനണിയിച്ചു,
പാദങ്ങളെ തളര്‍ത്തി
മനസിനെ എരിതീയ്യിലേയ്ക്ക്
പിടിച്ചു തള്ളിയീ കാതുകളില്‍
വിളിക്കാത്ത അതിഥിയായി കടന്നു
വന്നയാ മൊഴികള്‍
'മരണം',
എന്ന മൂന്നക്ഷരത്തിന്റെ
കുരുക്കില്‍ നീ പിടഞ്ഞു വീണുവെന്ന്

ഒടുവിലാ സത്യത്തെയുള്‍ക്കൊണ്ട്
കടന്നുവന്ന വഴികളിലെ
പൊടിപടലങ്ങളേറ്റുവാങ്ങി
മലിനമായ ആ ഭാണ്ഢത്തെ
ഈ തെരുവിലുപേക്ഷിച്ച്
തിരിച്ചു നടക്കുമ്പോള്‍
ആ തുണിക്കെട്ടിനുള്ളില്‍
എന്റെ പാഥേയം
അവശേഷിച്ചിരുന്നു.


ജീവന്റെ നിലനില്‍പ്പിനായാരോ
പകര്‍ന്നേകിയൊരു പൊതിയിലച്ചോറ്.
വെള്ളിമുറ്റി, ദൂര്‍ഗന്ധംവമിക്കുന്ന
ആ പാഥേയമുപേക്ഷിച്ചു
ഞാന്‍ നടന്നു തുടങ്ങുമ്പോള്‍
'നിന്റെയാത്മാവിന്റെ വിശപ്പിന്റെ
ദാഹം എനിക്കു പിന്നില്‍
കലപില കൂട്ടുന്നത്
ഞാനറിഞ്ഞു'.....