Thursday 7 February 2013






മറിഞ്ഞു വീണ മഷിക്കുപ്പിയുടെ ചിതറിത്തെറിക്കല്‍ ആരോ നിര്‍വചിച്ച ആകൃതി പോലെയായിരുന്നു. ഉള്ളിലെ ആത്മാവ് പുറത്തെക്ക് പരന്ന് ഒഴുകിയത് ഓരോ ചുവടിലും ഓരോ രൂപങ്ങളെ വരച്ചായിരുന്നു. അനന്തമായ ഒഴുക്കുപോലെ അത് പടര്‍ന്നു പോയി, കൂരിരുട്ടിന്റെ പ്രിതീതിയെ മാത്രം സൃഷ്ടിച്ചുകൊണ്ട്. ആ ഒഴുക്കില്‍ മാഞ്ഞു പോയത് വിവിധ വര്‍ണ്ണങ്ങളില്‍ ഞാന്‍ ചാലിച്ചെടുത്ത സ്വപ്‌നങ്ങള്‍ ആയിരുന്നു. എന്തായിരുന്നു ആ സ്വപ്‌നങ്ങളെന്ന് ഒരുപാട് ചോദ്യശങ്ങള്‍ നാലുപാടു നിന്നും കൂരമ്പുകളായി ചെവിയില്‍ തുളച്ചു കയറി. എനിക്ക് തന്നെ നിര്‍വചിക്കാനാവാത്ത കുറെ സ്വപ്‌നങ്ങള്‍. കറുപ്പിനെ വകഞ്ഞുമാറ്റി സ്വപ്നങ്ങളുടെ വര വീഴ്ത്തിയ പാടുകളെങ്കിലും ബാക്കി ഉണ്ടോ എന്നു കണ്ടെത്തുവാനുള്ള തീവ്രശ്രമം. ഇല്ല, അവശേഷിപ്പുക്കള്‍ക്ക് പ്രസക്തിയില്ല. തപ്പിതിരയലുകളില്‍ ഞാനും കറുപ്പില്‍ കുളിച്ചു. കറുത്ത ശരീരത്തെ വീണ്ടും വികൃതമാക്കുവാന്‍ വീണ്ടും കറുപ്പിന്റെ കണ്ണുപൊത്തിക്കളി. അപകര്‍ഷത ബോധത്തിന്റെ കൂരമ്പുകള്‍ എനിക്കുള്ളില്‍ നിന്നും പുറത്തേക്കു കൂടി പ്രവഹിച്ചപ്പോള്‍ ഇതൊരു യുദ്ധക്കളമായി മാറി. വൃത്തികെട്ട ശരീരം...! വൃത്തികെട്ട മനസ്...! പൊട്ടിത്തെറിച്ച ചില്ലു കഷ്ണങ്ങള്‍ പെറുക്കി കൂട്ടണമെന്ന ബോധം മനസിലേക്ക്...... ചിതറിത്തെറിച്ചവയെ പരതുമ്പോള്‍ കാലുകളില്‍ പല കഷ്ണങ്ങളും ചിത്രം വരച്ചു, പ്രാകൃത രൂപങ്ങളില്‍. മറ്റു പലതും ഈ വികൃത രൂപം കാട്ടി പേടിപ്പിച്ചു. പെറുക്കിയെടുത്തവ ഈ ശരീരത്തില്‍ എനിക്കാകെ ഇഷ്ടപെട്ട, ഞാന്‍ സുന്ദരം എന്നു വിശ്വസിച്ച ഈ കൈകളിലും ചിത്രം വരച്ചു. കറുത്ത പ്രതലത്തിലെ ചുവന്ന വര്‍ണ്ണങ്ങള്‍. കറുപ്പിനെ തോല്‍പ്പിക്കുവനുള്ള കുതിപ്പുപോലെ രക്തം ചുവന്ന ധാരയായി ഒഴുകി. ചുവന്ന നിറം, ചോരയുടെ മണം.., ഉള്ളില്‍ അസഹ്യമായ തിരയിളക്കം. വയറില്‍ ഒരു തിളച്ചു മറയല്‍ പോലെ. രക്തം എനിക്ക് വെറുപ്പാണ്. ഞാന്‍ കണ്ട മരണങ്ങളിലും വേദനകളിലും രക്തമൊരു പ്രതികാര ദാഹിയായിരുന്നു. കാലിടറുന്നുവോ എന്നാരോ ചോദിക്കും പോലെ. തോന്നലുകള്‍ യഥാര്‍ത്യത്തിലേക്ക് മനസിനെ എത്തിക്കും മുന്‍പേ ശരി തെറ്റുകളെ നിര്‍വചിക്കാനാവാതെ നിലത്തു വീണു. ഒരുപാടു ചില്ല് കഷ്ണങ്ങള്‍ക്ക് മേലേയ്ക്ക്. 22 വര്‍ഷങ്ങളായി എന്നെ ഞാനാക്കി നിലനിര്‍ത്തുന്ന ശരീരത്തെ വീണ്ടും അവ വികൃതമാക്കി. ശവത്തെയും വെറുതെ വിടാത്ത കഴുകന്‍മാരുടെ വലിച്ചു പറിക്കല്‍ പോലെ വീണ്ടും വീണ്ടും മുറിവുകള്‍....