Saturday 28 April 2012


ചില മരങ്ങള്‍ അങ്ങനെയാണ്... ചാരത്തെത്തുന്നവനു പകര്‍ന്നു നലകുന്നത് ഒരു ജീവവായുവാണ്. അതൊരുപക്ഷെ സ്വയം അറിഞ്ഞുംഅറിയാതെയും... ഇന്നെന്റെ സായാഹ്നം അങ്ങനെയൊരു മഹാവൃക്ഷത്തിനു ചോട്ടിലായിരുന്നു. പക്ഷെ പകര്‍ന്നു തന്ന ജീവവായു സ്വയമറിയാതെയാണെന്നാണ് എനിക്കു തോന്നുന്നത്. നിറയെ ഇലകളുള്ള, ഒരിക്കലും ഇലക്കൊഴിച്ചു കണ്ടിട്ടില്ലാത്ത ഒരു വൃക്ഷം.... അതിനു നിറയെ ശിഖരങ്ങള്‍ ഉണ്ടായിരുന്നു. അവയോരോന്നും വേര്‍തിരിച്ചെടുക്കാന്‍ നടത്തിയ പാഴ്ശ്രമം.. പക്ഷെ...
ചില മരങ്ങള്‍ ഇങ്ങനെയാണ്...
പക്ഷെ പിന്നീടെപ്പോഴോ ഓര്‍ത്തു ഈ മരം എനിക്കു ചിരപരിചിതമല്ല. കണ്ടതും അറിഞ്ഞതും ഒരുപാടു ദൂരത്തു നിന്നാണ്. ഇപ്പോഴും അതേ അകലം തന്നെ ബാക്കി നില്‍ക്കുന്നു. എന്നിട്ടും തോന്നുന്ന ബന്ധം. അതു മനസിന്റെ തെറ്റിധരിപ്പിക്കലാവാം... ഇല്ലെങ്കില്‍ ആശ്വസിക്കാം.....ജന്മാന്തര ബന്ധത്തിന്റെ നൂലഴകളിലെവിടെയോ കോര്‍ത്തിണക്കപ്പെട്ട കണ്ണികളെന്ന്...
എന്തിനെന്നറിയാതെ കണ്ടുമുട്ടിയവര്‍... ഒരേ വഴിയിലൂടെ കടന്നു പോയിട്ടും അപരിചിതരായി പിരിയേണ്ടവര്‍....
എന്നിട്ടും ഉള്ളില്‍ തോന്നുന്ന സ്‌നേഹം... അതിനെ എന്തു പേരു വിളിക്കും... പതിനാറിന്റെ പൊട്ടിത്തെറിക്കലിലായിരുന്നെങ്കില്‍ പ്രണയം എന്നു വിളിക്കാമായിരുന്നു. അതല്ലായിരുന്നിട്ടു പോലും പറഞ്ഞു..എനിക്കെപ്പോഴൊക്കെയോ നിന്നോടു പ്രണയം തോന്നിരുന്നെന്ന്.... ഈ വികാരത്തെ നിമിഷപ്രണയത്തിന്റെ ഭ്രമത്തിലൊതുക്കരുതെന്ന് അറിയാമായിരുന്നിട്ടും മറ്റൊരു വാക്കു കണ്ടെത്തുവാന്‍ കഴിയാത്തതിന്റെ കുറ്റബോധം, ഇപ്പോള്‍... പക്ഷെ പറഞ്ഞിരുന്നു, തോന്നുന്നതൊരു സ്‌പെഷ്യല്‍ സ്‌നേഹമെന്ന്... അതിന്റെ ആഴത്തെ എത്രത്തോളം ഉള്‍ക്കൊണ്ടു എന്നതെനിക്കറിയില്ല.
വഴി പിരിയേണ്ടവര്‍ നമ്മള്‍... നാളെ പേരറിയാത്ത എന്റെ ലോകത്തെ പുറത്തു നിന്നു കാണാന്‍ പോലും കണ്ണെത്താത്തവനായി മാറേണ്ടവന്‍.. പക്ഷെ എന്റെ ഇന്നിനെ നീ സമ്പന്നമാക്കി... പേരറിയാത്ത മരങ്ങള്‍ക്കൊപ്പം അകന്നകന്നു പോകുമ്പോഴും എന്റെ ഓര്‍മ്മകളിലുണ്ടാകും ഇലകൊഴിക്കാത്ത മരമായി......

Saturday 21 April 2012

എന്റെ ഇന്നലെ....

തനിയെ .......
ഇരുണ്ടു കറുത്ത ആകാശം.. ചറ്റല്‍ മഴയുടെ നനുത്ത സ്പര്‍ശം... ആര്‍ത്തു പെയ്യേണ്ട ഒരൂ മഴയുടെ കൊട്ടിഘോഷം... കാത്തിരുന്നു... വലിയൊരു നെഞ്ചിടിപ്പോടെ.... പെയ്തു വീഴുന്ന മഴ ഒഴുക്കി കളയുമെന്നു കൊതിക്കുന്ന സ്വപ്‌നങ്ങളെ മറന്ന്....

പക്ഷെ പെയ്തില്ല... ഇന്നിലെ എന്നിലേക്ക് മഴ പോലും പെയ്യാതെ പോയെന്ന് ഓര്‍ത്തപ്പോള്‍..... ശപിച്ചതു സ്വയമായിരുന്നു..

മഴ വരുന്നു...ഞാനെങ്ങനെ പോകും എന്ന് ആവര്‍ത്തിച്ചു ചോദിച്ചു കൊണ്ടെ ഇരിക്കുന്ന കൂട്ടുകാരന്‍.... ബസിനു സമയമായില്ല സുഹൃത്തെ എന്നു പറയുമ്പോള്‍ ചോദ്യത്തിനെ മറന്ന് ടി.വിയിലെ മിന്നിമായുന്ന നിറങ്ങളിലേക്ക് ഉറ്റു നോക്കുന്നവന്‍. അവന്റെ കൈത്തണ്ടയിലെ രോമങ്ങളുടെ കണക്കെടുമ്പോള്‍ ചിന്തിച്ചതു മുഴുവന്‍ എന്താവും ഇവന്റെ മനസില്‍ എന്നാണ്... ഇല്ല വായിക്കാന്‍ കഴിയുന്നില്ല... പരാജയത്തിന്റെ കയ്പ്പു നീര്‍... ഒരിക്കല്‍ കൂടി.. 
അറിയില്ല എന്നു പറയാന്‍ കഴിയുന്നതിന്റെ പരിമിതിയും തിരിച്ചറിഞ്ഞു. പിന്നിടേണ്ട വഴിയുടെ ദൈര്‍ഘ്യവും പരിമിതമാണ്... ഇല്ല..ഇനിയും എനിക്കു പറയാന്‍ കഴിയില്ല.... 'പുറത്തിറങ്ങിയാല്‍ ഒരു വണ്ടിയും കിട്ടാതിരിക്കില്ല'... അവന്റെ വാക്കുകള്‍... ഇരുണ്ട ആകാശത്തിനു കീഴില്‍, പാറി വീഴുന്ന മഴനൂലിലേക്കി ഊളിയിട്ടവന്‍ ഇറങ്ങി... പറഞ്ഞ വാക്കുകളില്‍ ഏതിന്റെയോ ബാക്കിയായി തിരിഞ്ഞു നോക്കി ഒരു കള്ള ചിരി... എനിക്കു വേണ്ടി ചിമ്മി തുറന്ന മിഴികളിലെ കൂസൃതി... അപ്പോള്‍ പിന്നില്‍ നിന്നും കേട്ട ബസിന്റെ ഹോണ്‍....... കറക്ട് ടൈം....

മഴയത്തേക്കിറങ്ങി.... ബസിലേക്കുള്ള അവന്റെ കാല്‍വെപ്പുകളെ പിന്‍തുടരാതിരിക്കാന്‍ കഴിഞ്ഞില്ല... വളവു തിരിഞ്ഞു പോയ വെണ്‍മയുടെ നിറം... എന്നിട്ടും കാതോര്‍ത്തു.... ശബ്ദവും അകന്നുപോയിരിക്കുന്നു... തിരിച്ചു കയറി... എന്റെ ലോകത്തേക്ക്... കട്ടിലിലേക്കു ചാഞ്ഞു... മിഴികള്‍ ഇറുക്കിയടച്ചു.... ഇല്ല.. എനിക്കു പിന്നില്‍ ഒന്നും നിശബ്ദമായിരുന്നില്ല... പെട്ടന്നുണ്ടായ കാതടിപ്പിക്കുന്ന ഇടിമുഴക്കം. ഞെട്ടി... ശരിക്കും ഞെട്ടി ഞാന്‍. പേടിച്ചു പോയോ എന്ന് ആരോടോ ചോദിക്കുന്ന പപ്പയുടെ ശബ്ദം. അടഞ്ഞു കിടക്കുന്ന വാതിലിനുള്ളിള്‍ മകള്‍ പേടിച്ചു വിറങ്ങലിക്കുമെന്നു പപ്പ കരുതിയിട്ടേ ഉണ്ടാകില്ല.

സത്യത്തില്‍ എന്തിനാണു ഞെട്ടിയത്.!!! ഇടിമുഴക്കം കേട്ടിട്ടു തന്നെയോ? വെറുതേ ഓര്‍ത്തു... 

മൊബൈലില്‍ മെസേജ് ടോണ്‍... ഹോം.... വീടണഞ്ഞിരിക്കുന്നു എന്നാണ്... സന്തോഷം... ലക്ഷ്യത്തിലെത്തിയിരിക്കുന്നു.. ഇനി ഞാന്‍...? അതെന്നും ബാക്കിയാകുന്ന ചോദ്യം മാത്രമാണ്...

വീണ്ടും പുതച്ചു മൂടി... വിയര്‍ത്തു കുളിക്കുന്നു.. അതിലും ഒരു സുഖം കണ്ടെത്തി. മഴക്കു കാതോര്‍ത്തു.. ഇല്ല പെയ്യുന്നില്ല... കാതോര്‍ത്തു കിടന്നു... സമയം ഇഴഞ്ഞു നീങ്ങുന്നു. മഴ പെയ്തില്ല... ഞാന്‍ കാത്തിരുന്നിട്ടും മഴ പെയ്യാതെ പോയിരിക്കുന്നുവെന്നോ. ദേഷ്യം വന്നു... ആരെയൊക്കെയോ കൊന്നു തിന്നാനുള്ള ദേഷ്യം... ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു വേനല്‍ മഴയാണു നഷ്ടമായിരിക്കുന്നതെന്നു തോന്നി... ഒരു തിരിച്ചറിവ്.. നഷ്ടപ്പെടലിന്റെ വേദന...നഷ്ടമായിരിക്കുന്നതിന്റെ ആഴം തിരിച്ചറിഞ്ഞിട്ടില്ല ഇനിയും... എന്നിട്ടും...

കൂരിരുട്ടിന്റെ രാത്രി... അമാവാസിയുടെ തലേന്നാള്‍ ആണത്രേ... പക്ഷെ ഈ ഇരുട്ടിന്റെ കാഠിന്യം... ഇതിത്തിരി കൂടി പോയി.. ഇരുട്ടിലേക്കു മിഴി നട്ട് അവനോടു ചോദിച്ചു.. 'നീ വരോ.. എനിക്കൊപ്പം ഒരു മഴ നനയാന്‍, എന്നാ നമ്മള്‍ ഒരുമിച്ചു മഴ നനയാ' 

'മഴ ഇല്ലല്ലോ'' എന്ന് മറുപടി..

'ഒരു വേനല്‍ മഴ... അല്ലെങ്കില്‍ ഇടവപ്പാതിയിലെ തകര്‍ത്തു പെയ്യുന്ന ഒരു മഴ... തന്നോടു ചോദിക്കുന്ന അവസാനത്തെ ആഗ്രഹം...'

'വേറെ ഒന്നും ഇല്ലെ'

'ഇല്ല.. വേറൊരു ആഗ്രഹവും ഇനി ചോദിക്കാനില്ല...എനിക്കു വേണ്ടി....'

'അതെന്തു പറ്റി..?'

'ഒന്നൂല്ലടാ.. എന്തൊ അങ്ങനെ തോന്നുന്നു ഇപ്പോള്‍...'

'ആയിക്കോട്ടെ' എന്ന മറുപടി... ഇതായിരുന്നോ പ്രതീക്ഷിച്ച മറുപടി... ഇല്ല.. ഒന്നും പ്രതീക്ഷിച്ചില്ല,... മഴ നനയാന്‍ വരാമെന്നു പറഞ്ഞതുമില്ല അവന്‍...

സംസാരം അവിടെ അവസാനിപ്പിച്ചു... ഇടയിലൊരു നടപ്പാതയുടെ ദൂരം പോലുമില്ലായെന്നു പരസപരം പറഞ്ഞിരുന്നവര്‍. ഋതുക്കളുടെ മാറ്റം വളരെ വേഗമാണത്രേ.....


Wednesday 4 April 2012

നന്ദിത, നിനക്കുവേണ്ടി.....

എന്റെ പ്രിയപ്പെട്ട എഴുത്തുകാരി...നന്ദിത... തനിച്ചാകുന്ന നിഷിങ്ങളിലെപ്പോഴൊക്കെയോ ഞാന്‍ അറിയാതെ മനസില്‍ തെളിയുന്ന ഒരു മുഖം.. എനിക്കു തോന്നുന്ന സ്‌നേഹം... ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത എന്റെ പ്രിയപ്പെട്ട നന്ദിതതക്കു വേണ്ടി, കവിയത്രിക്കു വേണ്ടി ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ്് ഞാന്‍ കുറിച്ചിട്ട വരികള്‍...

നന്ദിത, മരണത്തെ പ്രണയിച്ചവള്‍
മരണത്തെ സ്വയംവരം ചെയ്തവള്‍
ഞാനറിയുന്നു നിന്നെ,
നിന്റെ മനസിനെ,
നിനക്കുള്ളിലൂടെ കടന്നു പോയ
ചിന്താധാരകളെ....
പക്ഷെ, നിനക്കറിയില്ല എന്നെ,
ഈ മനസിനെ, ഇതിന്റെ ഭ്രാന്തിനെ!


ഒരു നിമിഷത്തിന്റെ താളം തെറ്റല്‍,
ദിവസങ്ങളുടെ കൂട്ടികിഴിക്കലുകള്‍,
പറയാതൊരു യാത്രയുടെ സുഖം,
ഒരു തോന്നലിന്റെ കുസൃതി
ക്രൂരമെന്നു തോന്നാവുന്ന പറ്റിക്കല്‍
ഒളിച്ചോട്ടത്തിന്റെ സുഖം
അറിയുന്നു നന്ദിതാ ഞാന്‍
നിന്റെ മനസിന്റെ നിഷ്‌കളങ്കത..


മുന്നിലെ ചതുരംഗ കളത്തിനു-
പിന്നില്‍ ഞാന്‍ തനിച്ചാണ്.
എനിക്കു മുന്നില്‍ കരുക്കള്‍ നീക്കാന്‍
ഞാന്‍ തേടി അലഞ്ഞതൊരു-
സത്യത്തെയായിരുന്നു.
ഇന്നതു ഞാന്‍ കണ്ടെത്തിയിരിക്കുന്നു.
നീ വരൂ, എനിക്കു മുന്നിലെ ഈ-
പീഠത്തിലിരിക്കൂ, നമ്മുക്കു കരുക്കള്‍നീക്കാം.


എനിക്കു വേണ്ടത് കറുത്ത
കരുക്കളാണ്, നിനക്ക് വെണ്‍മയുടെ-
പരിശുദ്ധിയുടെ നിറമിരിക്കട്ടെ
അന്ധകാരത്തിന്റെ പിന്നില്‍
ഒളിഞ്ഞിരുന്നു ഞാന്‍ കളിക്കാം
അതെന്റെ ഭ്രാന്തിന്റെ ശിക്ഷ
നിന്റെ വിശുദ്ധിയുടെ നന്മ.


ഇവിടെ മനസിന്റെ കണക്കു-
കൂട്ടലുകള്‍..., കിഴിക്കലുകള്‍
പക്ഷെ ഈ കളിയിലെനിക്കു തോല്‍ക്കണം
നീ എന്നോടു ജയിക്കൂ.....
സ്വയമേ തോറ്റവള്‍
എനിക്കു മുന്നില്‍ ജയിക്കണം.
നീ തോല്‍പ്പിക്കട്ടെ ഈയൊരു
ജന്മത്തെ കൂടി..