Friday 2 November 2012

സ്വപ്‌നം മരിക്കുമ്പോള്‍...


പഴയ പുസ്തകങ്ങള്‍ പൊടിതട്ടി എടുക്കുകയായിരുന്നു.... ഇടയില്‍ ഒരു കോളേജ് മാഗസിന്‍....... 2007-08-ലെ, കോടഞ്ചേരി ഗവ.കോളേജിലെ മാഗസിന്‍....., കനല്‍ കെടാതെ.... അതില്‍ അന്ന് എഴുതിയ കവിതയാണിത്..... 4 വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ വിഭ്രാന്തി.....





ഇരുളിന്റെ വന്യതയില്‍ ഞാനെന്റെ
ആത്മാവിനോട് കലപിലകൂട്ടി
നിദ്രയെ പുല്‍കാന്‍ തുടങ്ങുമ്പോള്‍
അകലെയെവിടെയോ ഒരു
ദീനരോധനത്തിന്റെ അലയടികള്‍..
ആ വിദൂരതയില്‍ അലയുന്നതും
ഈ മനസിന്റെ കണികയെന്നറിയാം...
എന്റെ അന്തരംഗത്തില്‍ ഒരു
ചതുരംഗംകളി!!
സ്‌നേഹം കൊതിക്കുന്ന ഈ
ഉള്ളിന്റെ സ്വപ്‌നവും
വിധിയിലേക്കു വിരള്‍ചൂണ്ടുന്ന
നിലവിളികളും തമ്മില്‍
കരുക്കള്‍ നീക്കുന്നു.....
തോല്‍ക്കേണ്ടത് ജയിച്ചിരിക്കുന്നു.

ജന്മവൈരുദ്ധ്യങ്ങളുടെ
താളപ്പിഴകളില്‍ തളര്‍ന്നുവീണ്,
കാപട്യത്തിന്റെ മുഖംമൂടിയണിഞ്ഞ്
ഒരിക്കല്‍ തിരികെയെത്തിയ നിന്നിലെ
വിഭ്രാന്തികളുടെ ഏറ്റക്കുറച്ചിലുകള്‍
ഞാന്‍ തെളിഞ്ഞു കണ്ടിരുന്നു.


ഇനിയുമൊരു കാത്തിരിപ്പ്.....
സ്‌നേഹത്തിന്റെ ഉറവിടം തേടി
ഒരു യാത്ര..... വയ്യ!!!!!!
നാഴികമണികള്‍ നിലക്കാതെ
മുഴങ്ങുമ്പോള്‍ അകലെയാ കല്‍പ്പടവില്‍
ചിറകടിയൊച്ചകള്‍............. ...
നേരമടുത്തിരിക്കുന്നുവെന്നോ?

നിദ്രയിലേക്കു വഴുതിത്തുടങ്ങുമ്പോള്‍
മുന്‍പില്‍ ചിരിക്കുന്ന ഒരപൂര്‍ണ്ണ
ചിത്രത്തിന്റെ പകര്‍പ്പ്....
പക്ഷേ കാതില്‍ മുഴങ്ങുന്ന
ഈരടികളില്‍ വ്യക്തമായിരുന്നു
ഞാന്‍ കേള്‍ക്കാന്‍ കൊതിച്ചിരുന്ന മാധുര്യം.

പക്ഷേ...,
ഇവിടെ ഞാന്‍ പിന്‍തിരിയട്ടെ..
എന്റെ ആത്മാവിനെ എനിക്കുള്ളില്‍
ആവാഹിച്ചിരുത്തി, ഇന്നു ഞാന്‍
ഗാഢനിദ്രയെ പുല്‍കുമ്പോള്‍
എന്റെ സ്വപ്‌നം മരണമേറ്റുവാങ്ങിയിരുന്നു....

...........................................വിഭ്രാന്തികള്‍