Tuesday 7 February 2012



മനസില്‍ എവിടെയോ  മിഴിനീരിന്റെ നനവ് പടരുമ്പോള്‍ എന്നിലെ ഞാന്‍ ഇല്ലാതാവുകയാണ്...... ഞാനറിയാത്ത എന്നിലെവിടെയോ അലഞ്ഞുതിരിയുന്ന ഒരാത്മാവുണ്ട്...   ആരയോ തേടുന്ന,,, വഴിയറിയാതലയുന്ന,,, ഞാന്‍പോലുമറിയാത്ത ഒരാത്മാവ്....
ഇന്നലെ പെയ്ത മഴയില്‍ ഞാനറിഞ്ഞ കുളിരില്‍ എല്ലാമുണ്ടായിരുന്നു.... വേദനയുടെ പുതപ്പില്‍ ചുരുണ്ടുകൂടുമ്പോള്‍ ഉള്ളിലെ പെരുമ്പറയുടെ മുഴക്കമായിരുന്നു താരാട്ട്... ഇറുക്കിയണച്ച മിഴികള്‍ക്കു പിന്നില്‍ ഇല്ലാതായത് ഒരു വലിയ ലോകമായിരുന്നു.... ഞാനെന്റേതെന്ന് മാത്രം കരുതിയ ഒരു വലിയ ലോകം...
കേട്ട മൊഴികളില്‍ ഒളിച്ചിരുന്ന കൂരമ്പുകള്‍ എനിക്കുള്ളിലേക്ക് തറഞ്ഞു കയറുന്നത് ഞാന്‍പോലുമറിഞ്ഞില്ല... വേദനിക്കുന്നുവെന്ന് എനിക്കുപോലും മനസിലായില്ല..... എന്തുപറ്റി എനിക്കെന്നു ചിന്തിക്കുമ്പോള്‍, വേദനയുടെ ഉറവിടത്തെപ്പറ്റി ചിന്തിക്കുവാന്‍, മനസിലാക്കുവാന്‍ തയ്യാറാകാത്ത മനസില്‍ എന്തായിരുന്നു.... വേദനിക്കുന്നില്ലയെന്ന് സ്വയം ബോധിപ്പിക്കുവാനുള്ള ശ്രമത്തില്‍ ഇല്ലാതായി തീര്‍ന്നത് കാത്തിരുന്ന വര്‍ഷങ്ങളുടെ നൊമ്പരങ്ങളാണെന്ന് പോലും ഓര്‍ക്കാതെ ഞാന്‍ നേടാന്‍ ശ്രമിച്ചതെന്താണ്..... ഉത്തരങ്ങള്‍ തേടി അലയാന്‍ തുടങ്ങിയ നാളുകള്‍ മാത്രം അവസാനിക്കാതിങ്ങനെ കൂടെ...
എവിടെയോ കണ്ടെത്താനാവുമെന്ന് കരുതിയ വസന്തം ഇനിയൊരിക്കലും വരില്ലന്നറിയുന്നു... ഇനിയൊരിക്കലും പൂക്കാത്ത വാകമരചില്ലയില്‍ സ്വപ്നങ്ങളൊരിക്കലും കൂടുകൂട്ടില്ല... ഇലപൊഴിക്കുന്ന മഞ്ഞുകാലത്തിലൂടെന്നപോലെ നടന്നുനീങ്ങേണ്ടിയിരിക്കുന്നു.... ഇനിയീ വഴികള്‍ ഒരിക്കലും കാണില്ല... യാത്ര ചോദിക്കുവാന്‍ പോലും ഇവിടാരും അവശേഷിക്കുന്നില്ല എന്നതിന്റെ വേദന.... എങ്കിലും യാത്ര പറയുകയാണ്..., കൂടെയുണ്ടായിരുന്ന കാലത്തോട്...വെറുതെയെങ്കിലും നിന്നോടും..... പോകാണേ ഞാനെന്ന്, ഒരു നാടന്‍ പെണ്‍കുട്ടിയുടെ മൊഴികള്‍പോലെ...
വഴിയേറയും വിജനമായിരുന്നു.... മഴക്കാറുനിറഞ്ഞ ആകാശം ബാക്കിവച്ച ഇരുളും തണുപ്പും പിന്നെ ക്രൂരമായ ഒരു നിശബ്ദതയും എനിക്കൊപ്പം നടന്നു നീങ്ങി... കാലടികളില്‍ ഞെരിഞ്ഞമരുന്ന ഇലകളുടെ നൊമ്പരം പോലും അപ്പോള്‍ ഞാനറിഞ്ഞു.... എവിടെനിന്നോ ഒരു പിന്‍വിളി കേള്‍ക്കുന്നുവെന്ന് സ്വപ്നം കാണുമ്പോളും ഒരിക്കലും അതുണ്ടാവില്ലെന്ന് എനിക്കറിയാമായിരുന്നു... എന്നിട്ടും തിരിഞ്ഞു നോക്കുവാന്‍ തോന്നുന്ന മനസിന്റെ സ്‌നേഹത്തിന്റെ ആഴം എന്നെ അത്ഭുതപ്പെടുത്തുന്നു....
 വര്‍ഷങ്ങളുടെ നീണ്ടസ്വപ്നങ്ങള്‍ പിന്നില്‍ ഉപേക്ഷിച്ചുള്ള ഈ യാത്ര... കൈയ്യില്‍ കരുതുവാന്‍ ഇനിയൊന്നും ബാക്കിയില്ലാത്തതിന്റെ ദാരിദ്ര്യം.... ആകെ അവശേഷിക്കുന്ന ഓര്‍മ്മകളുടെ വിഴുപ്പുഭാണ്ഡം ചുമക്കുവാന്‍ കഴിയാത്ത ബലഹീനത..... ഇവിടെ ഞാന്‍ ഞാനല്ലാതായിതീര്‍ന്നിരിക്കുകയാണ്... എന്നിലെ എന്നെ നഷ്ട്‌പ്പെടുത്തിയ ലോകത്തിന്റെ വികൃതികള്‍...
ഇനി കാരണങ്ങളില്ല..., യാത്രകളില്ല..., വഴിയും അവസാനിച്ചിരിക്കുന്നു... മഴപെയ്തു തുടങ്ങിയിരിക്കുന്നു... ഞാന്‍ പോകുകയാണ്.... മഴ നനഞ്ഞ്...., മനസിനെ മഴയില്‍ ഒഴുക്കിവിട്ട്..., എന്നെ തന്നെ മറന്നൊരു യാത്ര..... പിന്‍ വിളികള്‍ക്ക് കാതോര്‍ക്കാതെ....
മഴ പെയ്തു കൊണ്ടെയിരിക്കുന്നു............ കോരിച്ചൊരിയുന്ന മഴ പറയുന്നത് എന്താണെന്നും ഞാനറിഞ്ഞില്ല.
(ഏതോ വിഭ്രാന്തിയില്‍ മനസില്‍ തോന്നിയ നഷ്ടപ്രണയത്തിന്റെ ഓര്‍മ്മക്ക്...)



Monday 6 February 2012

ഇന്നൊരു ചൊവ്വാഴ്ച്ച... തുടക്കങ്ങള്‍ക്കു പറ്റിയ ദിനമല്ലെന്നറിയാമെങ്കിലും എന്തൊ എന്റെ ഭ്രാന്തുകള്‍ പറയല്‍ നാളത്തെക്കു മാറ്റി വയ്ക്കുവാന്‍ തോന്നുന്നില്ല. നമ്മുക്കെന്നും നല്ല ദിവസം തന്നെ.... നല്ല വെയില്‍... പുറത്തേക്കു നോക്കുവാന്‍ വയ്യ... മുറ്റത്തെ തെങ്ങിന്റെ നിഴലില്‍ ഞാനെന്നെ ഒളിപ്പിച്ചു... കടന്നു വരുന്ന കാറ്റില്‍ സുഗന്ധം തേടുമ്പോള്‍ മൂക്കിലടിച്ചു കയറുന്നത് പൊടിമണ്ണിന്റെ ഗന്ധമാണ്... മുന്നിലൂടെ ചീറിപ്പായുന്ന വാഹനങ്ങള്‍... കാതടിപ്പിക്കുന്ന ശബ്ദത്തെ കേള്‍ക്കാതിരിക്കാന്‍ വിരളുകള്‍ ചെവിയിലേക്കു കുത്തിക്കയറ്റി... ഇല്ല മുന്നിലെ കാഴ്ച്ചകളുടെ ഭീകരത ചെവിയിലും അലയടിക്കുന്നുണ്ട്... കണ്ണുകള്‍ ഇറുക്കിയടച്ചു... ഹാവൂൂൂൂൂൂൂ.............നിശബ്ദത.... നിഗൂഢമായ നിശബ്ദത... ഇതാണെന്റെ ലോകം.. ഇതാണെന്റെ സ്വപ്‌നം... ചുവന്ന ലോകം.. അടഞ്ഞ മിഴികള്‍ക്കു മുന്നിലെ വെയിലിന്റെ ചുവപ്പ്... എനിക്കു ചുറ്റുമുള്ള നിശബ്ദത... ഇവിടെ ഞാന്‍ ഞാനായി തീരുകയാണ്... അല്ലാത്തപ്പോഴൊക്ക ഞാന്‍ മറ്റാരൊ ആണ്....എനിക്കുള്ളിലെ ഒരുപാടു മുഖങ്ങള്‍.....

വിഭ്രാന്തികള്‍

വിഭ്രാന്തികളാണ്.....എല്ലാം...
ഓരോ വാക്കും...നോക്കും...എല്ലാം...