Thursday 27 November 2014

ചുവന്ന സിന്ദൂരപ്പൊട്ട്







ഞാനവരെ ആദ്യമായി കാണുമ്പോഴും ആ വലിയ ചുവന്ന സിന്ദൂരപൊട്ട് അവരുടെ നെറ്റിയിലുണ്ടായിരുന്നു. അതുകൊണ്ട് മാത്രമാകാം ഞാനവരെ കണ്ടത് തന്നെ. വലിയ സൗന്ദര്യമൊന്നും അവകാശപ്പെടാനില്ലാത്ത മുഖത്ത് പക്ഷെ ആ പൊട്ട് ജ്വലിച്ചു നിന്നു. അവര്‍ ഒരുപാട് സുന്ദരിയാണെന്ന് എനിക്ക് തോന്നിച്ചു. പിന്നീട് ഓരോ തവണയും ആ വലിയ പൊട്ട് എന്റെ കണ്ണുകളിലുടക്കി. അറിവുവെച്ചുവെന്ന് എനിക്ക് തന്നെ ബോധ്യപ്പെട്ട കാലത്ത് എന്നോ ആണ് അവരെന്റെ അമ്മായിയാണെന്ന് ഞാന്‍ മനസിലാക്കുന്നത്. അതിന്റെ പേരില്‍ അവരോട് പ്രത്യേകിച്ച് ഒരു സ്‌നേഹവും തോന്നിയിരുന്നില്ലെങ്കില്‍ കൂടിയും ആ ചുവന്ന പൊട്ടിനെ ഞാന്‍ സ്‌നേഹിച്ചിരുന്നു. അവരെന്നോട് സംസാരിക്കുമ്പോഴൊക്കെയും ഞാനാ സിന്ദൂരപ്പൊട്ടിലേയ്ക്ക് ഉറ്റ് നോക്കി. ആ പൊട്ടിനൊരു പ്രത്യേക ചന്തം തന്നെയുണ്ടായിരുന്നു. ആ പൊട്ട് അവരെ പ്രൗഡയായൊരു ഹിന്ദു സ്ത്രീയെ പോലെ തോന്നിപ്പിക്കുകയും ചെയ്തിരുന്നു.

ഇവിടെ ഈ കേരളത്തില്‍ ഹിന്ദു സ്ത്രീകള്‍ മാത്രമാണ് ഇങ്ങനെ പൊട്ട് കുത്തുന്നത് ഞാന്‍ കണ്ടിട്ടിള്ളു. മതങ്ങള്‍ക്കൊന്നും ജീവിക്കുവാനുള്ള വെപ്രാളത്തില്‍ സാധാരണക്കാരുടെ ദൈന്യതയ്ക്കിടയില്‍ വലിയ സ്ഥാനമില്ലെന്ന തിരിച്ചറിവിലെത്താത്ത ആ കുട്ടിക്കാലത്ത് പല തവണ ഞാന്‍ അമ്മയോട് അമ്മായി ഹിന്ദുവാണോ... അമ്മാവന്‍ കല്ല്യാണം കഴിച്ചത് പ്രേമിച്ചാണോ.. മുതലായ ചോദ്യങ്ങള്‍ ചോദിച്ചത് ഇന്നും ഓര്‍മ്മിക്കുന്നു. അന്ന് ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ കേട്ട് ഞാന്‍ അഭിമാനിക്കുകയും ചെയ്തിരുന്നു. കേട്ടറിവുകളില്‍ പ്രണയവും അന്യജാതിക്കാരെ കല്ല്യാണം കഴിക്കുന്നതുമെല്ലാം തെറ്റാണെന്ന ഒരു ധാരണ ഞാന്‍ വെച്ചുപുലര്‍ത്തുകയുടെ ചെയ്തിരുന്നു. 

അവരുടെ നെറ്റിയിലെ പൊട്ടിന്റെ വലിപ്പത്തിന് ഒരിക്കലും ഒരു മാറ്റവും ഞാന്‍ കണ്ടില്ല. ഒരിക്കലും ആ പൊട്ടില്ലാതെയുംെ അവരെ കണ്ടിട്ടില്ല. അതെപ്പോഴുമിങ്ങനെ ആ വലിയ നെറ്റിയിലൊരു ചുവന്ന സൂര്യനെ പോലെ കാണപ്പെട്ടു. ഋതുക്കള്‍ മാറിമാറിവന്നു. ആളുകള്‍ക്കും നാടിനുമെല്ലാം മാറ്റങ്ങള്‍ ഉണ്ടായി.. പക്ഷെ ഇതൊന്നും അവരുടെ ചുവന്ന പൊട്ടിനെ മാത്രം ബാധിച്ചില്ല. ഒരു മോഡേണ്‍ ഡിസൈനര്‍ പൊട്ടുകളും ആ സിന്ദൂരപൊട്ടിന് പകരം സ്ഥാനം പിടിച്ചില്ല. അതെന്നും അങ്ങനെ ഒരു ആചാരം പോലെ അവരുടെ നെറ്റിയില്‍ തിലകമായി നിലകൊണ്ടു.

ഒരിക്കലും തനിച്ച് പോയിട്ടില്ലാത്ത നാട്ടിലേയ്ക്ക് ആള്‍കൂട്ടത്തില്‍ ഏകയായി, ബസ്സിലിരിക്കുമ്പോള്‍ നിഷ്‌കളങ്കമായ കുറേ മുഖങ്ങളായിരുന്നു മനസില്‍. ഓടി മറയുന്ന മരങ്ങളില്‍ കാലങ്ങളും തെളിഞ്ഞു കണ്ടു. ബസ്സിറങ്ങുമ്പോഴെ, ഉയര്‍ന്നു നില്‍ക്കുന്ന പള്ളിഗോപുരങ്ങള്‍ കണ്ണിലുടക്കി. കെട്ടിയുയര്‍ത്തിയ പടികള്‍ കയറുമ്പോള്‍ ഒരു കൗതുകത്തിന് എണ്ണി ഒന്നേ...,രണ്ടേ...,മുന്നേ... പത്ത്...,പതിനഞ്ച് കഴിഞ്ഞപ്പോഴേ കിതച്ചു തുടങ്ങിയിരുന്നു. പിന്നീട് അത് എണ്ണാന്‍ മറന്നു. തുറന്നു കിടന്ന പള്ളിയില്‍ തികഞ്ഞ നിശബ്ദത.. ആരെയോ കാത്തിരിക്കുന്നത് പോലെ പള്ളി... ചുറ്റുമുള്ള ചെടികള്‍.. മരങ്ങള്‍... കാത്തിരിക്കുകയാണ്..., കൂടെ ഞാനും.... പതിയെ പള്ളി മണി മുഴങ്ങി... ഒറ്റയും പെട്ടയും... ണിം... ണിംണിം.... ണിം.... ണിംണിം.... ശൂന്യമായിരുന്നു മനസെങ്കിലും ഹൃദയമിടിപ്പിന്റെ വേഗത കൂടി... പതിയെ പുറത്തിറങ്ങി... നീണ്ടു കിടക്കുന്ന പടികളില്‍ നിന്നും ചെമ്മണ്ണു പുതച്ച വഴികളിലേയ്ക്ക് കണ്ണുകള്‍ പാഞ്ഞു...

വഴിയുടെ അറ്റത്ത് ഒരാള്‍ രൂപം.. അത് രണ്ടും മൂന്നുമായി വര്‍ദ്ധിച്ചു..... വരി നീണ്ടു വന്നപ്പോള്‍ കണ്ടു.... കറുത്തപ്പെട്ടി.... എന്തുകൊണ്ടോ പിന്‍തിരിഞ്ഞു നടക്കുവാനാണ് തോന്നിയത്... പള്ളിയിലേയ്ക്ക് കയറി... കാത്തിരുന്നു വീണ്ടും... ഓരോരുത്തരായി പള്ളിയിലേയ്ക്ക്...ആള്‍കൂട്ടത്തെ വകഞ്ഞു മാറ്റി ചെന്ന് ആ പെട്ടിക്കകത്തെ നിഷ്‌കളങ്കമായ മുഖം കാണാനായി പരതുമ്പോള്‍ കണ്ണുടക്കിയത് അരികിലിരുന്ന് പൊട്ടിക്കരയുന്ന മുഖത്തേയ്ക്കാണ്... അലറികരയുന്ന മുഖം കണ്ണിലുടക്കിയപ്പോള്‍ ഇടനെഞ്ചിലൊരു കടലിരമ്പി..... ചുവന്ന സിന്ദൂരത്തിന്റെ സ്ഥാനത്ത് വര്‍ഷങ്ങളുടെ മുദ്രയായി കറുത്ത കറ....

പാരമ്പര്യത്തിന്റെയോ സംസ്‌കാരത്തിന്റെയോ ഒക്കെ ചിഹ്നമായി മാഞ്ഞു പോകപ്പെട്ട ആ സിന്ദൂരുത്തിന്റെ കറ ഇപ്പോഴും ആ മുഖത്ത് തെളിഞ്ഞു നില്‍ക്കുന്നുണ്ട്...


Saturday 15 February 2014

എഴുത്ത്



എഴുതാന്‍ മറന്ന വരികളില്‍ ഓരോന്നിലും
നീയും ഞാനുമുണ്ടെന്നത് നീ അറിഞ്ഞതേയില്ല
ഭ്രാന്തിന്റെ ആഴങ്ങളില്‍ ചങ്ങലകളെ പേടിച്ച് ഞാന്‍
കരയുമ്പോള്‍, നെഞ്ചിലൊരു നെരിപ്പോടോടെ
നീയന്ന് വലിച്ചെറിഞ്ഞത് നിന്റെ കീശയിലെ
മഷിതീരാറായ ചുവന്ന മഷിപ്പേനയായിരുന്നു.

കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ ലാഘവം !
പതറിയ മനസിന്റെ ശ്രദ്ധ പേനയിലേയ്ക്ക്...
തിരിച്ചും മറിച്ചും കണ്ണിലേയ്ക്ക്, മനസിലേയ്ക്ക്
ആവാഹിക്കുമ്പോള്‍ തിരിച്ചറിവും നഷ്ടമായിരുന്നു
ഭ്രാന്തായിരുന്നു, ഞാനൊരു ഭ്രാന്തിയായിരുന്നു

പേനകള്‍ മാറിമറിഞ്ഞുകൊണ്ടിരുന്നു,
പേനകള്‍ക്കായി വാശിപിടിച്ചു കൊണ്ടേയിരുന്നു
പക്ഷേ എപ്പോഴോ എഴുതാന്‍ മറന്നിരിക്കുന്നു.
മറവിയുടെ ആഴങ്ങളില്‍ അക്ഷരങ്ങള്‍ക്ക് ഒടിവുകളും
വളവുകളും കൂടി, കോറിയിടുന്നവയെല്ലാം
കുത്തിവരകളായി...രൂപങ്ങളില്ലാത്തവ, മനസുപോലെ.




എന്നിട്ടും അവയുടെ ആഴങ്ങളെ തേടാനിറങ്ങി
നീയെന്നെ മോഹിപ്പിച്ചു.... ഞാന്‍ കാത്തിരുന്നു
രൂപാന്തരങ്ങളില്‍ നിന്ന് നീ നിന്നെയും
പിന്നെയീ എന്നെയും കണ്ടെത്തുമെന്ന്...പക്ഷെ
കുത്തിവരകളില്‍ നീ മഷി കുടഞ്ഞൊഴിച്ചു...

വികൃതമായി തീര്‍ന്ന എഴുത്തുകളില്‍ നിന്ന്,
മഷിപ്പടര്‍പ്പുകളില്‍ രൂപങ്ങളെ കണ്ടെത്തുവാന്‍
ശ്രമിക്കുമ്പോള്‍ ഈ ഭ്രാന്തിന് ഒരു സുഖമുണ്ടായിരുന്നു
ഒന്നുമറിയാത്തവന്റെ നിഷ്‌കളങ്കതയുടെ സുഖം...
പുഞ്ചിരി... നിസ്സഹായത.... ഇത്തിരി സ്‌നേഹവും

മറന്നു, എഴുത്തിനെ...അക്ഷരങ്ങളെ...നിന്നെ
പിന്നെ എന്നെയും.... ഒക്കെയും...എല്ലാം മറന്നു.
കാലാന്തരങ്ങളില്‍ കരിവാരിത്തേച്ച മുഖങ്ങളെ
കാണുമ്പോള്‍ മാത്രം ഞാന്‍
ഭ്രാന്തിയായി മാറി.... തനി ഭാന്ത്രില്‍ ഞാന്‍
ഉറക്കെയുറക്കെ അട്ടഹസിച്ചുകൊണ്ടേയിരുന്നു..

.........................................................................................

Thursday 28 November 2013

ഞാന്‍.......



എവിടെയോ അസ്തിത്വം നഷ്ടപ്പെടുന്നു. ഞാന്‍..., ഞാനല്ലാതാകുന്നു.. ഈ മാറ്റത്തിന് ഒരു സുഖമുണ്ട്... പക്ഷെ എന്നെ ഞാനാക്കിയ എന്നെ ഓര്‍ക്കുമ്പോള്‍ നെഞ്ചിലൊരു നെരിപ്പോട്... മഴ പെയ്യുന്നതേയില്ല... (പെയ്യുന്നത് ഞാന്‍ അറിയുന്നില്ല), പുലരി കാണുന്നില്ല, പകലുകള്‍ രാത്രികളാകുന്നു... രാത്രികള്‍ പകലുകളും.... വായന മരിച്ചിരിക്കുന്നു.. തൂലിക കാണാതെ പോയി... ഇന്നലകളില്ല... നാളെകളുമില്ല.. ഇന്നില്‍ മാത്രം ജീവിക്കുന്നു.

നിരാശ... വ്യക്തമായ നിരാശ... നഷ്ടബോധം... പുച്ഛം തോന്നുന്നു. അതെ എനിക്കെന്നോട് തന്നെ പുച്ഛം തോന്നുന്ന നിമിഷങ്ങള്‍... പരമ പുച്ഛം...

വേദനകളില്ല.. ശ്വാസംമുട്ടലുകള്‍ ശീലമായിരിക്കുന്നു. ഉള്ളിലേയ്ക്ക അരിച്ചിറങ്ങുന്ന തണുപ്പ് തണുപ്പല്ലാതായിരിക്കുന്നു... കസേരകള്‍ സന്തതസഹചാരികളെപോലെ... അക്ഷരങ്ങളുടെ വടിവുകളും ഒടിവുകളും മറന്നു തുടങ്ങുന്നു. മുന്നില്‍ ആകെയുള്ളത് ഈ വൃത്തികെട്ട വെളിച്ചം മാത്രമാണ്... മുന്നിലെ ചതുരക്കട്ട പുറപ്പെടുവിക്കുന്ന വെളിച്ചം... നിറമില്ലാത്തത്... ഉറക്കങ്ങളില്‍ ദൃശ്യങ്ങള്‍ ഓടി മറയുന്നു.. വേഗതയുടെ നിമിഷങ്ങള്‍ വിളിച്ചു കൂവുന്നു... ചെവിയില്‍ മുഴങ്ങുന്നതൊക്കെയും മിനിട്ടുകളോ നിമിഷങ്ങളോ മാത്രം ബാക്കിയെന്ന ഓര്‍മ്മപ്പെടുത്തലുകള്‍.... തയ്യാറായിരിക്കാനുള്ള സന്ദേശം... മനസ് എവിടെയാണ്...

എവിടെയും പണയപ്പെടുത്തിയ എന്റെ മനസ് എന്റെ ഓര്‍മ്മകളിലില്ല... പക്ഷെ അത് എന്റെ കൈയ്യിലുമില്ല... എവിടെപോയി ആവോ... ഓര്‍മ്മകളും നഷ്ടപ്പെട്ടിരിക്കുന്നു... ഉറക്കം... ഉറക്കം മാത്രം... ഉറക്കങ്ങള്‍ക്കിടയിലെ യാന്ത്രകിമായ ഓട്ടപ്പാച്ചിലുകള്‍ മാത്രമാണ് എന്റെ ദിവസങ്ങള്‍...

ബോറടിക്കുന്നു.... ശരിക്കും ബോറടിക്കുന്നു.. ശരിക്കും മടുത്തിരിക്കുന്നു... പറയാതിരിക്കാന്‍ വയ്യ... പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം... പക്ഷെ പറയാതിരിക്കുന്നതെങ്ങനെ.....


Thursday 15 August 2013



കാലം വീണ്ടും കണക്കുകൾ ആവർത്തിക്കുന്നു. ഒരേ പുസ്തകത്തിന്റെ അതേ പകർപ്പ്.... വേദനകളുടെ ആഴത്തിന് പക്ഷെ ഒരേ അളവായിരുന്നില്ല... അപക്വതയുടെ ചാപല്യവും പക്വമായ മനസിന്റെ വേദനയും തമ്മിൽ ജന്മാന്തരങ്ങളുടെ ദൈർഘ്യം. പാഴായി പോയ ഒരു പണി ചെയ്തതിന്റെ നിരാശയിൽ ആകും പണിപ്പുരയിലെ ആശാരി... 24 വർഷങ്ങൾ കാത്തിരുന്നിട്ടും ഒന്നും നേടാനാവാത്ത പ്രതിമ നിർമ്മിച്ച ആശാരിയുടെ വികൃത ചിത്രമായി ഈശ്വരൻ മാറിയിരിക്കുന്നു.... ദൈവമേ നിനക്കും തെറ്റ് പറ്റിയിരിക്കുന്നുവെന്നോ ?????


Saturday 8 June 2013



മഴ പെയ്തു തുടങ്ങുമ്പോഴെപ്പോഴോ
                                            'നീ' ഓര്‍മ്മകളിലേയ്ക്ക് കടന്നുവന്നു.
നിനക്ക് ഇരുളിന്റെ നിറം!
ചീഞ്ഞളിഞ്ഞ ശവത്തിന്റെ
നാറുന്ന ഗന്ധം!

നീ അണിഞ്ഞിരിക്കുന്നത്
മറ്റാരോ വലിച്ചെറിഞ്ഞ
ഭീകരതയുടെ മുഖംമൂടി!
ഇടക്കെവിടെയോ ഞാനറിയാതെ
മറന്നു വെച്ച കടലാസുതുണ്ടില്‍
നിന്നെക്കുറിച്ചു ഞാന്‍
കോറിയിട്ട വരികളില്‍ നീ...
നീ...നിലാവായിരുന്നു.

പരിണാമ സിദ്ധാന്തങ്ങള്‍ക്കിടയില്‍
എപ്പോഴോ നിനക്കും
മാറ്റം സംഭവിച്ചിരിക്കുന്നു.
നിന്റെ മുഖത്ത് ഞാന്‍ കണ്ട
രേഖകള്‍ നീ മൂടി മറച്ചു.
നീ...നിന്നില്‍ നിന്നും അകലെ
ഞാനറിയാത്ത ദൂരത്ത്
കാല്‍പാടുകള്‍ ഏല്‍ക്കാത്ത വഴികളില്‍
നീദ്രയെ തേടി നീ
അലയുകയാണ്.


കല്‍ത്തൂണൂകളില്‍ ആത്മാക്കളെ
ആവാഹിച്ചിരുത്തി
ആ നിലവിളിക്കായി നീ കാത്തിരിക്കുന്നു...
ബലിച്ചോറിന്റെ മിഴിനീര്‍ നനവിനെ
സ്വപ്‌നം കാണുന്നു നീ....

നീ ഭ്രാന്തന്‍........................................
നിനക്ക് മരണമില്ല, മുഷിപ്പില്ല.....
വിരസതയേല്‍ക്കാത്ത ദിനങ്ങള്‍
ഓരോന്നായ് ഇഴഞ്ഞു നീങ്ങുമ്പോള്‍
നീയെന്റെ ആത്മാവിനായ്
ദാഹിച്ചിരിക്കുമ്പോള്‍, 
ഞാന്‍ കുത്തി വരയ്ക്കുകയാണ്....
ജീവിതത്തിന്റെ അര്‍ത്ഥ ശൂന്യതകള്‍
എന്നു ഞാന്‍ തന്നെ കരുതുന്ന
 എന്റെ കിനാവുകളില്‍......
......................


Thursday 9 May 2013

പാഥേയം



കയറ്റിറക്കത്തിന്റെ പടികള്‍
എണ്ണിത്തിട്ടപ്പെടുത്തുവാനാകാതെ
കടന്നു വന്ന കാലം
ഇന്നീ അവസാന പടിയിറക്കത്തില്‍
ഓരോ ചുവടും മനസില്‍ തെളിയുംപോലെ
അഴുകാത്ത ഭാണ്ഢത്തില്‍
കുടിനീരും പൊതിച്ചോറും
മാത്രം നിറച്ചൊരു
യാത്രയുടെ തുടക്കം

എവിടെ നിന്നെന്നുമറിയില്ല
എന്നിട്ടും തുടക്കമിതെന്ന തോന്നല്‍.
ഇടതു കൈയില്‍ എന്റെ തന്നെയൊരു
ഭാഗമായി തീര്‍ന്ന ഈ ഘടികാരത്തിന്റെ
ഓട്ടം നിലയ്ക്കും മുന്‍പെ
നിന്നെ കണ്ടെത്തുവാനാകുമെന്ന പ്രതീക്ഷ,
എന്റെ അവസാന സ്വപ്‌നം.
ഒരു പക്ഷെ ആദ്യ സ്വപ്‌നത്തിന്റെ
അവസാന വരികളും.

നേട്ടങ്ങളുടെ ഒരു വലിയ ലോകം
പിന്നില്‍ നിന്നു വിളിക്കുന്നുവെന്ന്
ആരൊക്കെയോ പ്രലോഭിപ്പിച്ചിട്ടും
എന്റെ പാദങ്ങള്‍ക്ക് കരുത്തു
പകരുന്ന എന്നിലെ പ്രണയം

ലക്ഷ്യത്തിലേയ്ക്കുള്ള യാത്രിയിലെ
എന്റെ ആദ്യത്തെ സൂചിക തന്നെ
മിഴികളെ ഈറനണിയിച്ചു,
പാദങ്ങളെ തളര്‍ത്തി
മനസിനെ എരിതീയ്യിലേയ്ക്ക്
പിടിച്ചു തള്ളിയീ കാതുകളില്‍
വിളിക്കാത്ത അതിഥിയായി കടന്നു
വന്നയാ മൊഴികള്‍
'മരണം',
എന്ന മൂന്നക്ഷരത്തിന്റെ
കുരുക്കില്‍ നീ പിടഞ്ഞു വീണുവെന്ന്

ഒടുവിലാ സത്യത്തെയുള്‍ക്കൊണ്ട്
കടന്നുവന്ന വഴികളിലെ
പൊടിപടലങ്ങളേറ്റുവാങ്ങി
മലിനമായ ആ ഭാണ്ഢത്തെ
ഈ തെരുവിലുപേക്ഷിച്ച്
തിരിച്ചു നടക്കുമ്പോള്‍
ആ തുണിക്കെട്ടിനുള്ളില്‍
എന്റെ പാഥേയം
അവശേഷിച്ചിരുന്നു.


ജീവന്റെ നിലനില്‍പ്പിനായാരോ
പകര്‍ന്നേകിയൊരു പൊതിയിലച്ചോറ്.
വെള്ളിമുറ്റി, ദൂര്‍ഗന്ധംവമിക്കുന്ന
ആ പാഥേയമുപേക്ഷിച്ചു
ഞാന്‍ നടന്നു തുടങ്ങുമ്പോള്‍
'നിന്റെയാത്മാവിന്റെ വിശപ്പിന്റെ
ദാഹം എനിക്കു പിന്നില്‍
കലപില കൂട്ടുന്നത്
ഞാനറിഞ്ഞു'.....

Wednesday 24 April 2013

പെയ്തു തോരാത്തൊരു മഴ


ഉള്ളിലെവിടെയൊക്കെയോ
പെയ്തു തോരാത്ത ഒരു മഴയുടെ
അവശേഷിപ്പുകള്‍!!
കടിഞ്ഞാണ്‍ നഷ്ടപ്പെട്ട
മനസിന്റെ നേര്‍ത്ത വിലാപങ്ങള്‍!
ഓര്‍മ്മയുടെ ഓളങ്ങളെവിടെയോ
ചെന്നലയടിച്ച് അലിഞ്ഞില്ലാതാവുന്നു
ഒരു മരണത്തിന്റെ നേര്‍ത്ത
ശബ്ദം കാതുകളില്‍ മുഴങ്ങുന്നു.

ലക്ഷ്യങ്ങള്‍ തേടി യാത്രചെയ്യുന്ന
പഥികന്റെ ജീവിതയാത്ര
തടസ്സപ്പെടുത്തുവാന്‍ മരണത്തിന്റെ
വിളിയുമായി കാലദേവന്റെ വരവ്.

പാതി വഴിവക്കിലെവിടെയോ
ജീവിതയാത്ര നിര്‍ത്തി നീ
കാലദേവന്റെയൊപ്പം പോയി-
മറഞ്ഞപ്പോള്‍, വലിയൊരു മഴ
തകര്‍ത്തു പെയ്തിരുന്നു.
നീ നെയ്തു തന്ന സ്വപ്‌നങ്ങളും
ആ മഴയില്‍ കുതിര്‍ന്നു പോയി.

എന്റെ ഹൃദയത്തിനുള്ളില്‍
ആത്മാവിന്റെ അംശത്തിനായി
ഞാനൊരുക്കിയ ആ കിളിക്കൂട്!
ഞാനറിയാതെ തന്നെ നീ
ആ കിളിക്കൂട്ടിലേയ്ക്ക്
എങ്ങനെയോ കടന്നു വന്നു.
ജീവന്റെ ഭാഗമായി, ്ആത്മാവിന്റെ-
അംശമായി, എന്റേതു മാത്രമായി
ഞാന്‍ നിന്നെ സ്‌നേഹിച്ചു.

ആത്മനൊമ്പരത്തിന്റെ അഗാതതയി-
ലെവിടെയോ ചെന്നു പെട്ട നിന്റെ
വേദനകളൊരു മഴയിലൂടെ
അലിഞ്ഞില്ലാതാവുന്നത്് പാതിമറന്ന
നിന്റെ മുഖത്ത് പണ്ടു ഞാന്‍ കണ്ടിരുന്നു.
പക്ഷെ അതുപോലൊരു മഴയുടെ
കനത്ത യാമങ്ങളില്‍ തന്നെ നീ,
വേര്‍പാടിന്റെ ഏകാന്തത എനിക്കു-
സമ്മാനിച്ച്, ഒരുയാത്രമൊഴിപോലും
ചോദിക്കാതെയാ സ്‌നേഹക്കൂട്ടില്‍ നിന്ന്
ചിറകടിച്ച് പറന്നുയര്‍ന്നു.

നിന്റെ ചിതയിലെ ചൂട്
അന്തരീക്ഷത്തെ വിയര്‍പ്പിച്ചപ്പോള്‍
ഒരിളം തെന്നല്‍ പോലൊരു
വേനല്‍ മഴ കടന്നു വന്നു.
അതു പെയ്തു വീണതെന്റെയുള്ളിലെ
കിളിക്കൂട്ടിലേയ്ക്കായിരുന്നു.


ഇന്ന്, എന്റെ ഹൃദയത്തിന്റെ താളം
ആരുമില്ലാത്തയീ കിളിക്കൂടിന്റെ-
കാന്തതയില്‍ എവടെയോ തട്ടി
അലയടിച്ചില്ലാതാവുന്നു...!
നീ ഒഴിച്ചിട്ടുപോയ ഈ കൂട്
ആരുമില്ലാതേകമായിരിക്കുന്നു...

നീ വരുമെന്നു കരുതിയാ
മണ്‍പാതയുടെ അറ്റത്തു
കണ്ണും നട്ടു കാത്തിരുന്നപ്പോഴും
കടന്നു വന്നതൊരു പുതുമഴയായിരുന്നു.

നിനക്കു ഞാന്‍ പിണ്ഢം വച്ചു,
ബലിച്ചോറുരുട്ടി,
കൈകൊട്ടി നിന്നെ വിളിച്ചു.
അപ്പോഴും എവിടെ നിന്നെന്നറിയാതെ
ഒരു വലിയമഴ ആര്‍ത്തു കടന്നു വന്നു.
ഒലിച്ചു പോകുന്ന ബലിച്ചോറു നോക്കി
ഹൃദയം തകര്‍ന്നു നിന്ന എന്നിലേയ്ക്ക്
ബലിക്കാക്കയുടെ വിലാപം
അലയടിച്ചു കടന്നു വന്നു.
പിന്നെയത് മറ്റൊരാത്മാവിനെ തേടി
യാത്രയായിരിക്കാം.

ഇന്ന് ഒരിക്കല്‍ കൂടി ആ മഴ
തിരിച്ചെത്തിയിരിക്കുകയാണ്.
എന്തൊക്കെയോ നേടാനുള്ള ഒരു
വലിയ വെമ്പലുമായി.
ചെയ്തു തീര്‍ക്കുവാനൊരുപാടുണ്ട്
എന്ന നേര്‍ത്ത മന്ത്രണം
ആ മഴത്തുള്ളികളില്‍ നിന്നും
എനിക്കു കേള്‍ക്കാന്‍ കഴിയുന്നു.

എത്ര മഴ കടന്നു പോയാലും
നീയും നിന്റെ ഓര്‍മ്മകളും
ഒരിക്കലുമൊരു മഴയിലും
ഒലിച്ചു പോവില്ലെന്നൊരു മന്ത്രണം
ഉള്ളില്‍ ആരാലോ മുഴങ്ങുന്നു,
എന്റെ വാക്കുകളെനിക്കു തന്നെ
അവ്യയ്തമാകുന്നുവെന്നോ?

ഇന്നലത്തെ ആ മഴയുടെ
ഭീകരത ഉള്ളില്‍നിറഞ്ഞു നില്‍ക്കുമ്പോള്‍
ഭയത്തിന്റെ വലിയ കണികകള്‍
മനസിലൊരു പെരുമഴയായ് മാറുന്നു.


നീ തകര്‍ത്തു പെയ്‌തോളൂ,
പക്ഷെ നഷ്ടസ്വപ്‌നങ്ങളെനിക്ക്
സമ്മാനിച്ച് ഒന്നുമറിയാത്തപോലെ
കടന്നു പോകരുതെന്ന്
മനസാക്ഷി മന്ത്രിക്കുന്നു,
എന്റെ വേദന മനസിലാക്കി എന്നപോലെ
ആ മഴ തോരാനൊരുങ്ങുന്നതായി
എനിക്കു തോന്നി

കാലത്തിന്റെ ജീര്‍ണ്ണിച്ച
അവശേഷിപ്പുകള്‍ ബാക്കി തന്ന്...
ഈ മഴയും..........
പോകാനൊരുങ്ങുന്നുവെന്നോ....