Tuesday, 26 March 2013

അതിഥി


തനിച്ചായിരുന്ന ഒരു നട്ടുച്ചയുടെ പകലിൽ
ഉമ്മറവാതിലിൽ കേട്ട മൃദുവായൊരു
താളത്താലെന്റെ ബോധമണ്ഡലത്തെ
ഉണർത്തുവാൻ വന്നൊരു വഴിപോക്കൻ!

നട്ടുച്ചയ്ക്ക് കുളിക്കരുതെന്നു മുത്തശ്ശി പറഞ്ഞു-
തന്നത്  മറന്നു ഞാൻ ഈറൻ മുടിയും
നെറ്റിയിൽ ചന്ദനവും മിഴികളിൽ കന്മഷിയുമായി
പതിവില്ലാത്ത കോലത്തിൽ വാതിൽ തുറന്നു.

മുഷിഞ്ഞ കാവി, തിളങ്ങുന്ന മിഴികൾ
തേജസാർന്ന മുഖം, മുഖത്തേക്ക്  മിഴുയൂന്നു-
വാനാകാതെ ഞാനാ വൃദ്ധനിൽ നിന്നും
ഓടി ഒളിച്ചു, 'എന്തെ' എന്ന ചോദ്യത്താൽ

ദാഹജലം ചോദിച്ച ശബ്ദത്തിന്റെ ഗാംഭീര്യം
എന്റെ കാതുകളിൽ വീണ്ടും മുഴങ്ങി
തിരിഞ്ഞു നടക്കുവാൻ തുനിഞ്ഞതും
'നിൽക്ക്', എന്നൊരാജ്ഞ പിന്നിൽനിന്ന്

നിന്റെ കണ്ണുകൾക്ക്‌ ജീവനുണ്ട്,നിനക്കുള്ളിൽ
ഒരുപാടു സ്വപ്നങ്ങളുണ്ട് ,പ്രണയമുണ്ട്,
കുട്ടി നീ ഭാഗ്യവതി, എന്നു മോഴിഞ്ഞയാൽ
വെള്ളമെന്ന് വീണ്ടും മൊഴിഞ്ഞു

തിരിഞ്ഞു നടന്ന എന്റെ കൈകള്‍ അറിയാതെ
വാതില്‍ പൂട്ടിലേയ്ക്ക് നീണ്ടു ഭയത്താല്‍
വെള്ളമെടുക്കാനെടുത്ത കുറച്ചു നിമിഷങ്ങള്‍
തിരിച്ചെത്തി വാതില്‍ തുറന്നു.

മുന്നില്‍ ശൂന്യത, വാതില്‍ക്കലാരുമില്ല.
വഴുതിവീണ ഗ്ലാസിനെ പിന്നിലാക്കി
മൂറ്റത്തിറങ്ങി ഞാന്‍, വീണ്ടും ശൂന്യത
ഓടുകയായിരുന്നു വഴിയിലേയ്ക്ക്

നീണ്ട വഴിയുടെ വശങ്ങളിലേയ്ക്ക്‌
പാഞ്ഞമിഴികള്‍ വീണ്ടും തോറ്റു
അന്വേഷിച്ചവരുടെ കണ്ണില്‍ ഒന്നും
അറിയാത്തവന്റെ അമ്പരപ്പായിരുന്നു.

തിരികെ വന്ന് മിഴിപൂട്ടുമ്പോള്‍ ഉള്ളില്‍
തെളിഞ്ഞത് ഇരുമ്പു ഗേറ്റിന്റെ തുരുമ്പിച്ച
വിജാഗിരികള്‍ അയാളുടെ വരവില്‍
കരഞ്ഞു കേട്ടില്ലല്ലോ എന്നായിരുന്നു.

                       ഇതൊരു കവിതയല്ല.... എന്റെ ഒരു ദിവസത്തിന്റെ ഓർമയാണ്... ഒർമയായിരുന്നോ അതോ തോന്നലായിരുന്നോ എന്നു തിരിച്ചറിയാനാവാത്ത ഒരു അനുഭവത്തിന്റെ വ്യക്തമായ ചിത്രം....!

3 comments: