Saturday, 28 April 2012


ചില മരങ്ങള്‍ അങ്ങനെയാണ്... ചാരത്തെത്തുന്നവനു പകര്‍ന്നു നലകുന്നത് ഒരു ജീവവായുവാണ്. അതൊരുപക്ഷെ സ്വയം അറിഞ്ഞുംഅറിയാതെയും... ഇന്നെന്റെ സായാഹ്നം അങ്ങനെയൊരു മഹാവൃക്ഷത്തിനു ചോട്ടിലായിരുന്നു. പക്ഷെ പകര്‍ന്നു തന്ന ജീവവായു സ്വയമറിയാതെയാണെന്നാണ് എനിക്കു തോന്നുന്നത്. നിറയെ ഇലകളുള്ള, ഒരിക്കലും ഇലക്കൊഴിച്ചു കണ്ടിട്ടില്ലാത്ത ഒരു വൃക്ഷം.... അതിനു നിറയെ ശിഖരങ്ങള്‍ ഉണ്ടായിരുന്നു. അവയോരോന്നും വേര്‍തിരിച്ചെടുക്കാന്‍ നടത്തിയ പാഴ്ശ്രമം.. പക്ഷെ...
ചില മരങ്ങള്‍ ഇങ്ങനെയാണ്...
പക്ഷെ പിന്നീടെപ്പോഴോ ഓര്‍ത്തു ഈ മരം എനിക്കു ചിരപരിചിതമല്ല. കണ്ടതും അറിഞ്ഞതും ഒരുപാടു ദൂരത്തു നിന്നാണ്. ഇപ്പോഴും അതേ അകലം തന്നെ ബാക്കി നില്‍ക്കുന്നു. എന്നിട്ടും തോന്നുന്ന ബന്ധം. അതു മനസിന്റെ തെറ്റിധരിപ്പിക്കലാവാം... ഇല്ലെങ്കില്‍ ആശ്വസിക്കാം.....ജന്മാന്തര ബന്ധത്തിന്റെ നൂലഴകളിലെവിടെയോ കോര്‍ത്തിണക്കപ്പെട്ട കണ്ണികളെന്ന്...
എന്തിനെന്നറിയാതെ കണ്ടുമുട്ടിയവര്‍... ഒരേ വഴിയിലൂടെ കടന്നു പോയിട്ടും അപരിചിതരായി പിരിയേണ്ടവര്‍....
എന്നിട്ടും ഉള്ളില്‍ തോന്നുന്ന സ്‌നേഹം... അതിനെ എന്തു പേരു വിളിക്കും... പതിനാറിന്റെ പൊട്ടിത്തെറിക്കലിലായിരുന്നെങ്കില്‍ പ്രണയം എന്നു വിളിക്കാമായിരുന്നു. അതല്ലായിരുന്നിട്ടു പോലും പറഞ്ഞു..എനിക്കെപ്പോഴൊക്കെയോ നിന്നോടു പ്രണയം തോന്നിരുന്നെന്ന്.... ഈ വികാരത്തെ നിമിഷപ്രണയത്തിന്റെ ഭ്രമത്തിലൊതുക്കരുതെന്ന് അറിയാമായിരുന്നിട്ടും മറ്റൊരു വാക്കു കണ്ടെത്തുവാന്‍ കഴിയാത്തതിന്റെ കുറ്റബോധം, ഇപ്പോള്‍... പക്ഷെ പറഞ്ഞിരുന്നു, തോന്നുന്നതൊരു സ്‌പെഷ്യല്‍ സ്‌നേഹമെന്ന്... അതിന്റെ ആഴത്തെ എത്രത്തോളം ഉള്‍ക്കൊണ്ടു എന്നതെനിക്കറിയില്ല.
വഴി പിരിയേണ്ടവര്‍ നമ്മള്‍... നാളെ പേരറിയാത്ത എന്റെ ലോകത്തെ പുറത്തു നിന്നു കാണാന്‍ പോലും കണ്ണെത്താത്തവനായി മാറേണ്ടവന്‍.. പക്ഷെ എന്റെ ഇന്നിനെ നീ സമ്പന്നമാക്കി... പേരറിയാത്ത മരങ്ങള്‍ക്കൊപ്പം അകന്നകന്നു പോകുമ്പോഴും എന്റെ ഓര്‍മ്മകളിലുണ്ടാകും ഇലകൊഴിക്കാത്ത മരമായി......

7 comments:

  1. താന്‍ ആളു കൊള്ളാല്ലോ ...... നല്ല ആശയ സമൃദ്ധമായ വരികള്‍..... ഇനിയും കൂടുതല്‍ എഴുതാന്‍ സാധിക്കട്ടെ എന്ന് ആസംസിക്കുന്നു .......

    മനു ജോസഫ്‌ ഡി എഫ് ടി

    ReplyDelete
  2. ഇല്ലെങ്കില്‍ ആശ്വസിക്കാം.....ജന്മാന്തര ബന്ധത്തിന്റെ നൂലഴകളിലെവിടെയോ കോര്‍ത്തിണക്കപ്പെട്ട കണ്ണികളെന്ന്... Kollaaaam Emilie :)

    ReplyDelete
  3. ചില മരങ്ങള്മാത്രമല്ല, വികാരങ്ങളും അങ്ങനെയാണ്
    കൃത്യമായ ഒരു പേരിട്ട് അതിന്റെ ചട്ടകൂടിനുള്ളിലൊതുക്കാനാവില്ല
    പെയ്തൊഴിയുന്ന മഴതുള്ളികള്പോലെ ചിലവികാരങ്ങള് നിമിഷനേരം കൊണ്ട് മറഞ്ഞില്ലാതാവും, ചിലത് മലവെള്ളപാച്ചില്പോലെ എന്നെന്നേക്കുമായി വേദനസമ്മാനിച്ച് കുതിച്ചൊഴുകും...
    അങ്ങനെ തന്നെയാണ് മരച്ചില്ലയില് നിന്നിറ്റുവീഴുന്ന ജലകണങ്ങളും....
    നിര് വചിക്കാനും അനുഭവിക്കാനും ആകാതെ....

    ReplyDelete
  4. അതിന്റെ ആഴത്തെ എത്രത്തോളം ഉള്‍ക്കൊണ്ടു............?

    ReplyDelete